ജിദ്ദാ പ്രളയത്തിനു ഒരു വയസ്സ്


                 ജിദ്ദ: 2009 നവമ്പര്‍ ഇരുപതിയഞ്ച്, ജിദ്ദയിലെ സ്വദേശികളെയും വിദേശികളുടെയും മനസ്സില്‍ ഇന്നും ഒരു ഉള്‍കിടിലമായി അവശേഷിക്കുന്ന ജിദ്ദാ പ്രളയം നടന്നിട്ട് നാളേക്ക് ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്നു. അന്ന് ദുല്‍ഹജ്ജ് എട്ട് “ലബ്ബൈക്കള്ളാഹുമ്മ ലബ്ബൈക്ക് ” എന്ന തല്‍ബിയത്തും ഉച്ചരിച്ച് ഹാ‍ജിമാര്‍ മക്കയിലേക്കൊഴുകുമ്പോള്‍ ജിദ്ദയില്‍ ഉച്ച വരെ ചെറിയ രീതിയിലുള്ള മഴ ഉണ്ടായിരുന്നുവെങ്കിലും അതാരും പക്ഷെ വലിയ കാര്യമായെടുത്തില്ല.എന്നാല്‍ ഉച്ചയോടെ മലിക് അബ്ദൂള്‍ അസീസ് യൂണിവേഴ്സിറ്റി യുടെ സമീപമുള്ള ഗുവൈസയില്‍ നിന്നും ആര്‍ത്തലച്ച് വന്ന മലവെള്ള പാച്ചിലിനു മുമ്പില്‍ പകച്ച് നിന്ന ജിദ്ദാ നിവാസികളുടെ ഓര്‍മയിലൂടെ കൂലംകുത്തിയൊഴുകുക ഇപ്പോഴും നിഗൂഢമായി തുടരുന്ന, കഴിഞ്ഞ കൊല്ലം ഈ ദിവസം നഗരത്തെ ഞെട്ടിച്ച പ്രളയത്തിന്റെ ഭീകരദൃശ്യങ്ങളാവും.                 നൂറിലേറെ പേരുടെ ജീവന്‍ അപഹരിക്കുകയും ബില്യന്‍ കണക്കിന് റിയാലിന്റെ നാശനഷ്ടങ്ങള്‍ വിതക്കുകയും ചെയ്ത പ്രളയത്തിന്  നിമിത്തമായത്, അറഫാസംഗമത്തിന് തലേന്നാള്‍ രാവിലെ മുതല്‍ ഉച്ചവരെ പെയ്ത മഴയായിരുന്നു. അതോടെ താഴ്ന്ന പ്രദേശങ്ങളിലൂടെ വെള്ളം പുഴയായി ഒഴുകുകയും കണ്ണില്‍കണ്ടത് മുഴുവനും കടപുഴക്കിയെറിയുകയും ചെയ്ത ആ പ്രകൃതിദുരന്തം പെട്ടെന്നൊന്നും ജിദ്ദാനിവാസികളുടെ മനസില്‍നിന്ന് മാഞ്ഞുപോകില്ല.
പതിനായിരത്തോളം കാറുകള്‍ നശിക്കുകയും കൂറ്റന്‍ ട്രെയ്‌ലറുകള്‍ കുത്തിയൊലിച്ച് പോവുകയും ചെയ്തിരുന്നു ആ ദിവസം രണ്ടു മലയാളികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. കോഴിക്കോട് പുതിയങ്ങാടി ചാലില്‍ സ്വദേശി ഷാനവാസിനും മലപ്പുറം സ്വദേശി ഷിഹാബിനും. മരുഭൂമിയിലെ ഒരു നഗരവീഥിയിലൂടെ പുഴ ഒഴുകുന്നത് കണ്ട് ഹജ്ജ് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ വിദേശ മാധ്യമ പ്രവര്‍ത്തകര്‍ ജിദ്ദ ഫലസ്തീന്‍ സ്ട്രീറ്റിലെ മാരിയറ്റ് ഹോട്ടലിലിരുന്ന് അദ്ഭുതം കൂറിയ ദിവസമായിരുന്നു അത്.
                 ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഏറ്റുവാങ്ങിയ ജാമിഅ ഖുവൈസും സമീപപ്രദേശങ്ങളും ഇപ്പോള്‍ പുതിയ തെരുവായി നഗരത്തിന്റെ ആരവത്തിലേക്ക് തിരിച്ചുപോയെങ്കിലും ദുരന്തത്തിന്റെ പിറ്റേനാളുകളില്‍ അവിടെ കണ്ട കാഴ്ചകള്‍ ഇപ്പോഴും ഓര്‍മകളെ മഥിക്കുന്നുണ്ട്. ഭദ്രമായ കല്‍മതില്‍ക്കെട്ടുകള്‍ ഭേദിച്ച് വീടിന്റെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ മുകളില്‍ എവിടെനിന്നോ വലിച്ചുകൊണ്ടുവന്ന മൂന്നും നാലും കാറുകള്‍ അട്ടിക്കിട്ട പ്രഹരശേഷിയുള്ള ആ പ്രളയത്തിന്റെ ഉറവിടവും പിന്നിലെ കരുത്തും അക്കാലത്ത് കുറെ അഭ്യൂഹങ്ങള്‍ക്ക് ഇടം നല്‍കിയെങ്കിലും ഇപ്പോഴും നിഗൂഢത പൂര്‍ണമായി ദൂരീകരിക്കപ്പെട്ടിട്ടില്ല.


             മലവെള്ളപ്പാച്ചിലില്‍ ജീവിതസമ്പാദ്യം മുഴുവനും നഷ്ടപ്പെട്ട മലയാളികളടക്കമുള്ള കുറെ ഹതഭാഗ്യര്‍ പ്രവാസത്തോട് തന്നെ വിട ചൊല്ലി നാട്ടിലേക്ക് തിരിച്ചുപോയെങ്കിലും ചിലര്‍ ചെളിക്കുണ്ടില്‍നിന്ന് പുതുജീവിതം തുടങ്ങാന്‍ ആര്‍ജവം കാട്ടി. ജിദ്ദയിലെ സന്നദ്ധ സംഘടനകള്‍ തങ്ങളാലാവുന്ന തരത്തില്‍ ഹതാശയര്‍ക്ക് തുണയായി നിന്നു. 
എല്ലാം നഷ്ടപെട്ട കച്ചവടക്കാര്‍
            സൗദി ഭരണകര്‍ത്താവ് അബ്ദുല്ല രാജാവിന്റെ നിശ്ചയദാര്‍ഢ്യത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ മരൂഭൂമിയില്‍ ഇത്തരമൊരു പ്രളയം വിതച്ച ഉദ്യോഗസ്ഥരും എന്‍ജിനിയര്‍മാരും കരാറുകാരും ഞെട്ടിവിറച്ചപ്പോള്‍ കാരാഗൃഹങ്ങളും വന്‍ പിഴയും ശിക്ഷയായി അവരെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അതുമല്ല, പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഹതഭാഗ്യരുടെ ആശ്രിതര്‍ക്ക് ഒരു ദശലക്ഷം റിയാല്‍ വീതം നഷ്ടപരിഹാരമാണ് അനുവദിച്ചത്. നഷ്ടപെട്ട ജീവനു ഒന്നും പകരമാവില്ലെങ്കുലും രണ്ടുമലയാളികളുടെ കുടുംബത്തിനും  കിട്ടാന്‍ പോവുകയാണ് ആ ആശ്വാസ ധനം .

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment