കല്ല്യാണങ്ങള്‍ നാടു കടക്കുന്നു

ഷാജഹാന്‍ മോങ്ങം
             മോങ്ങത്ത് നിന്നും കല്ല്യാണങ്ങള്‍ നാടുകടക്കുന്നു. മോങ്ങത്തു കാരുടെ കല്ലാണങ്ങളില്‍ നല്ലൊരു ശതമാനം ഇന്ന് അറവങ്കരയിലോ മഞ്ചേരിയിലോ ഉള്ള ഓഡിറ്റോറിയങ്ങളിലേക്ക് നാടുകടന്നു കൊണ്ടിരിക്കുന്നു. സ്വന്തം വീടുകളില്‍ വളരെ ആഘോഷപൂര്‍വം നടത്തിയിരുന്ന വിവാഹച്ചടങ്ങുകള്‍ ഇന്ന് അതില്‍ നിന്നും വിഭിന്നമായി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന കാഴ്ചയാണ് നമുക്ക് കാണുവാന്‍ കഴിയുന്നത്. പണക്കാരും പാവങ്ങളും എന്ന തരം തിരിവില്ലാതെ എല്ലാവരും ഇത്തരം പുതിയ രീതികളിലേക്ക് മാറപ്പെടുമ്പോള്‍ നമ്മുടെ നാട്ടില്‍ നിന്നും അന്ന്യം നിന്നു പോവുകയാണോ ആ പഴയകാല സ്വപ്ന വിവാഹം.....?
     പണ്ടെല്ലാം കല്ല്യാണ വീടുകളില്‍ മാസങ്ങള്‍ക്ക് മുമ്പെ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്ന സ്ഥാനത്ത് ഇന്ന് അന്നേ ദിവസം വീട്ടുകാരും കുടുംബാംഗങ്ങളും അയല്‍വാസികളും നാട്ടുകാരും നേരെ ഓഡിറ്റോറിയത്തില്‍ എത്തിച്ചേരുന്ന അവസ്ഥയാണ് കാണുവാന്‍ കഴിയുന്നത്.         വിവാഹത്തലേന്ന് കുടുംബാംഗങ്ങളും അയല്‍വാസികളും വീട്ടുക്കാരും കൂടിയുള്ള ആ ഒത്തുചേരല്‍ ഇനി വെറും സ്വപ്നമാകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാം നമുക്ക്.അയല്‍‌പക്കത്തെ വിവാഹം അറവങ്കര,മഞ്ചേരി എന്നിവിടങ്ങളിലെ ഓഡിറ്റോറിയങ്ങളില്‍ വെച്ച് നടത്തപ്പെടുമ്പോള്‍ വീടുകളിലെ പ്രായമായ ആളുകള്‍ സ്ത്രീകള്‍ കുട്ടികള്‍ എന്നിവര്‍ക്ക് ഇത്തരം സുപ്രധാന ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാത്തത് വളരെ സങ്കടകരമായ അവസ്ഥയാണെന്നുള്ളത് നാം ഓര്‍ക്കണം. 
               പുതു തലമുറ ഇത്തരം രീതിയിലേക്ക് തിരിയുവാനുള്ള പ്രധാന കാരണം പന്തല്‍ കസേര, ചെമ്പ്, ടേബിള്‍ തുടങ്ങിയ വാടക സാധനങ്ങളുടെ നിരന്തരമായ വാടകക്കയറ്റവും അതുപോലെ തന്നെ അഞ്ചും പത്തും സെന്റ് സ്ഥലത്ത് വീടു വെച്ച് താമസിക്കുന്നവര്‍ക്ക് അവിടെയുള്ള സ്ഥലസവ്കര്യം ഇതെല്ലാം കണക്കിലെടുത്ത് പതിനായിരമോ പതിനയ്യായിരമോ കൊടുത്താല്‍ എല്ലാം കഴിഞ്ഞ് ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ മൂടും തട്ടി ഇറങ്ങിപ്പോരുവാന്‍ കഴിയും എന്നുള്ളതാണ് ഇതിന്റെ ഒരു ഗുണം. സ്വന്തം വീടിന് കേടുപാടുകള്‍ ഒന്നും സംഭവിക്കില്ല എന്നുള്ള മറ്റൊരു ഗുണവും ഇതിനുണ്ട്.ചിലയാളുക‌ള്‍ അവരുടെ ജാട കാണിക്കുവാനും ഇത്തരം സംരഭങ്ങള്‍ ഉപയോകപ്പെടുത്താറുണ്ട് എന്നുള്ളത് മറ്റൊരു പരസ്യമായ സത്യം. 
                     കഴിഞ്ഞ രണ്ട് മാസങ്ങളായി അറവങ്കര മെട്രോ ഓഡിറ്റോറിയം എല്ലാ ഞായറാഴ്‌ച്ചയും മോങ്ങം കല്ല്യാണങ്ങളുടെ സ്ഥിരം വേദിയാണ്. പുതി വീട് മോങ്ങത്ത് പണിത് അതിന്റെ കുറ്റൂസ (വീട് കുടിയിരിക്കല്‍) ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തിയവരും നമ്മള്‍ മോങ്ങത്തുകാര്‍ തന്നെ. മുന്‍പൊക്കെ ഓഡിറ്റോയം പണക്കാരും ഇടത്തരക്കാരുമാണ് ഉപയോഗിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ പാവപെട്ടവരും ആ മേഖലയിലെക്കു തിരിഞ്ഞു തുടങ്ങിയിരിക്കുന്നു. മൂന്നാല് മാസം മുന്‍പ് ഒരു സഹായ കല്ല്യാണവും അവിടെ വെച്ച് നടത്തുകയുണ്ടായി.
           വിവാഹങ്ങെളൊക്കെ ഓഡിറ്റോറിയങ്ങളിലേക്ക് പറിച്ച് നടുമ്പോള്‍ പ്രതിസന്ധിയാലകുന്ന ഒരു വിഭാഗം നാട്ടിലെ ഹെയര്‍ ഗുഡ്സ് മേഖലയിലുള്ളവരാണ്. ഒരു പക്ഷെ അവര്‍ വിതച്ചത് കൊയ്യുന്നു എന്ന് പറഞ്ഞാല്‍ അതാവും കൂടുതല്‍ ശരി. യൂണിയന്‍ നിശ്ചയിച്ച നിരക്ക് എന്ന് പറഞ്ഞു തോന്നിയ പോലെ വാടക വാങ്ങിയിരുന്ന അവര്‍ വിവാഹ ചിലവു വര്‍ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചവരാണ്. മഴകാലത്ത് നൈലോണ്‍ പായ കൊണ്ട് പന്തലിടുമ്പോള്‍ അട്ടിയിട്ട് കെട്ടുന്ന പന്തല്‍ അഴിക്കുമ്പോള്‍ പായക്കിത്ര എന്ന തോതില്‍ ഗുണിച്ച് പറയുന്നതും കസേര, ചെമ്പ്, ടേബിള്‍ തുടങ്ങി സ്പൂണ്‍ വരെയുള്ള സാധനങ്ങളുടെ വാടക കൂട്ടി പറയുന്നതുമായ കണക്കുകളും കേട്ട് തല കറങ്ങിയവര്‍ ഒരു നിശ്ചിത സഖ്യക്ക് അതെല്ലാം ഓഡിറ്റോറിയത്തില്‍ കിട്ടുമ്പോള്‍ അവരത് തേടി പോകുന്നതിനെ കുറ്റം പറയാനും പറ്റില്ലല്ലോ..?
         ഏതായാലും മോങ്ങത്ത് ഇനി ഒരു ഓഡിറ്റോറിയം അത്യാവിശ്യമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. സൗകര്യപെട്ട രീതിയില്‍ ഒരു ഓഡിറ്റോറിയം മോങ്ങത്ത് ആരെങ്കിലും ഉണ്ടാക്കുകയാണ് എങ്കില്‍ വിജയിക്കുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉണ്ടാവില്ലന്നാണ് സമീപകാല കല്ല്യാണ ചരിതങ്ങള്‍ വെക്തമാക്കുന്നത്. എന്നാല്‍ വിവാഹങ്ങള്‍ ഓഡിറ്റോറിയങ്ങളിലാവുമ്പോള്‍ സൗകര്യങ്ങളൊക്കെ ഉണ്ടങ്കിലും വീടുകളില്‍ വെച്ച് നടത്തുന്ന ഒരു സംതൃപ്തി ലഭിക്കുന്നില്ല എന്ന  ഒരു അഭിപ്രായം പൊതുവെ എല്ലാവര്‍ക്കും ഉണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment