ഒളമതില്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു

സി.കെ.സിദ്ധീഖ്
             മോങ്ങം: മോങ്ങം ഒളമതില്‍ റൂട്ടില്‍ പാരലല്‍ സര്‍വ്വീസ് നടത്തിയ ഓട്ടോറിക്ഷക്കാരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ബസ് സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ പ്രശ്നത്തില്‍ നാട്ടുകാരുടെ ഭാഗത്ത് നിന്ന് ഒരു അനുകൂല സമീപനം ഉണ്ടാവാത്തതാണ് ബസ് സര്‍വ്വീസ് നിര്‍ത്തിവെക്കാന്‍ കാരണമെന്ന് ബസ് ഉടമകള്‍ പറയുന്നത്. വിദ്ദ്യാര്‍ത്ഥികളും തൊഴിലാളികളും ഉള്‍പ്പടെ സാധാരണക്കാരാണ് ഇത് മൂലം കഷ്ടത്തിലായത്.
           മോങ്ങം ഒളമതില്‍ പൂക്കൊളത്തൂര്‍ റൂട്ടില്‍ മുന്‍പ് പലതവണ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയെങ്കിലും ജീപ്പുക്കാരുടെ പാരലല്‍ ശല്യം മൂലം നഷ്‌ടത്തിലായതിനാല്‍ ഈ റൂട്ടില്‍ നിന്നു പിന്‍‌വാങ്ങുകയായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഒരു ബസ് സര്‍വ്വീസ് പോലും നിലവില്ലാതിരുന്ന റൂട്ടായിട്ടും അപേക്ഷ നല്‍കി ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് കടുത്ത എതിര്‍പ്പും സമ്മര്‍ദ്ധങ്ങളും മറികടന്ന് ഈ റൂട്ടില്‍ ഇപ്പോഴുള്ള രണ്ട് ബസ്സുകള്‍ പെര്‍മിറ്റ് നേടിയെടുത്തത്. പെര്‍മിറ്റ് ലഭിക്കുന്നതിനു മുന്‍പ് തന്നെ ഉടമയുടെ വീട്ടു പടിക്കല്‍ നിര്‍ത്തിയിട്ടിരുന്ന ഈ ബസ്സുകള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. പിന്നീട് നിരത്തിലിറങ്ങിയ ബസ് ഉടമകളുടെയും തൊഴിലാളികളുടെയും ശക്തമായ ഇടപെടല്‍ മൂലം ഈ റൂട്ടില്‍ പരലല്‍ സര്‍വ്വീസ് നടത്തിയിരുന്ന ജീപ്പുകള്‍ക്ക് അവ നിര്‍ത്തലാക്കേണ്ടി വന്നു. എന്നാലിപ്പോള്‍ ഓട്ടോറിക്ഷക്കാര്‍ ബസ്സ്സിന്റെ ഒന്നോ രണ്ടോ മിനുറ്റ് മുന്‍പില്‍ ആളുകളെ വഴിയില്‍ നിന്നു എടുത്ത് ഓടുന്നത് ബസ് സര്‍വ്വീസിനെ കാര്യമായി ബാധിച്ചതാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.   
        റോഡുകളുടെ ശോചനീയാവസ്ഥയും ഡീസല്‍ സ്പെയര്‍ പാര്‍ട്സ് വില വര്‍ധനവിന്റെയും പശ്ചാതലത്തില്‍ പൊതുവെ ലാഭകരമല്ലാത്ത ഈ റൂട്ടില്‍ യാത്രക്കാര്‍ ബസ്സിന് കാത്ത് നില്‍ക്കാതെ ഓട്ടോയില്‍ കയറി പോവുമ്പോള്‍ കേവലം കണ്‍സെഷന്‍ നിരക്കില്‍ യാത്ര ചെയ്യുന്ന വിദ്ദ്യാര്‍ത്ഥികളെ മാത്രം കൊണ്ട് പോവാന്‍ സര്‍വ്വീസ് നടത്താന്‍ കഴിയില്ല എന്ന നിലപാടിലാണ് ബസ് ഉടമകള്‍ .
        മോങ്ങത്ത് നിന്നു ഒളമതില്‍ വളമംഗലം പൂക്കൊളത്തൂര്‍ തൃപനച്ചി വഴി മീഞ്ചിറയിലൂടെ കാവനൂര്‍ വരെ പോകുന്ന ഈ ബസ്സുകളെ മാത്രം ആശ്രയിക്കുന്ന ഒട്ടനവധി സാധാരണക്കാരെയും തൊഴിലാളികള്‍ വിദ്ദ്യാര്‍ഥികള്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ക്ക് ഇപ്പോള്‍ യാത്രാ ക്ലേശം രൂക്ഷവും അതോടൊപ്പം ചിലവേറിയതുമായിരിക്കുകയാണ്‍. ഒരു നിത്യ സംവിധാനമെന്ന നിലക്ക് ബസ് സര്‍വ്വീസിനെ കാണാന്‍ നാട്ടുകാരും അവശ്യ സേവനമെന്ന നിലക്ക് ഇതിനെ സമീപിക്കാന്‍ ബസ്സുകാരും തയ്യാറാവണമെന്നും ഈപ്രശ്നം ഇരു വിഭാഗവുമായി ചര്‍ച്ച ചെയ്തു നല്ല നിലയില്‍ പരിഹരിച്ച് ബസ് സര്‍വ്വീസ് എത്രയും പെട്ടെന്ന് പുനസ്ഥാപിക്കാന്‍ നാട്ടുകാരും ജനപ്രധിനിതികളും പൊതു പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്നാവശ്യം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന് കഴിഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment