ടീച്ചര്‍ തുറന്ന പോരിന്: പീഡനാരോപണവുമായി പോലീസില്‍ പരാതി നല്‍കി

               മോങ്ങം: സസ്‌പെന്‍ഷനിലായ മോങ്ങം എ.എം.യു.പി സ്‌കൂള്‍ ഹെഡ് മിസ്‌ട്രസ് ദേവകി ടീച്ചര്‍ പോലീസില്‍ പരാതി നല്‍കിയതോടെ ടീച്ചറും മാനേജ്‌മന്റും തമ്മില്‍ തുറന്ന പോരിനു കളമൊരുങ്ങുന്നു. തന്നെ മാനേജ്മെന്റ് പ്രതിനിധിയായ ബങ്കാളത്ത് മുഹമ്മദലി, ടി.പി.ഉമ്മര്‍ ഹാജി, വെണ്ണക്കോടന്‍ ഉണ്ണി അവറാന്‍ എന്നിവര്‍ അസഭ്യം പറയുകയും ഒരു സ്‌ത്രീയെന്ന പരിഗണന പോലും നല്‍കാതെ കടുത്ത മാനസിക പീഡനമാണ് തനിക്കെതിരെ നടത്തുന്നതെന്നും ദേവകി ടീച്ചര്‍ കൊണ്ടോട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കൊണ്ടോട്ടി പോലീസില്‍ നേരിട്ടെത്തി നല്‍കിയ പരാതിയില്‍ തന്റെ ബാഗും മൊബൈല്‍ ഫോണും എടുക്കാന്‍ പോലും അനുവധിക്കാതെ ഓഫീസ് പൂട്ടി തന്നെ പുറത്താക്കുകയാണ് ചെയ്‌തതെന്നും ടീച്ചര്‍ ആരോപിച്ചു.
     സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണവുമായി ബന്ധപെട്ട് നിലവിലെ രീതിയില്‍ മാറ്റം വേണമെന്ന പി.ടി.എ തീരുമാനപ്രകാരം നവാസ് മാസ്റ്റര്‍ കണ്‍‌വീനറാക്കി രൂപീകരിച്ച ഉച്ചഭക്ഷണ കമ്മിറ്റി സാധാരണയുള്ള ചെറുപയര്‍ പുഴുക്കിന് പകരം കുട്ടികളെ ഭക്ഷണത്തിലേക്ക് താല്‍‌പര്യമെടുക്കുന്ന തരത്തില്‍ ഓരോ ദിവസവും ഓരോ തരത്തിലുള്ള കറികള്‍ ഉണ്ടാക്കി വളരെ നല്ല രീതിയില്‍ പുതിയ കമ്മിറ്റി മുന്നോട്ടു പോവുകയാണ്. എന്നാല്‍ അതുമായി സഹകരിക്കാതെ പുറം തിരിഞ്ഞ് നിന്ന ടീച്ചര്‍ സര്‍ക്കാറില്‍ നിന്നും ലഭിച്ച ഉച്ചഭക്ഷണ ഫണ്ട് പൂര്‍ണ്ണമായും കമ്മിറ്റിക്ക് കൈമാറാതിരിക്കുകയും ആഴ്ച്ചയില്‍ ഒരു ദിവസം കുട്ടികള്‍ക്ക് വിതരണം ചെയ്യേണ്ടിയിരുന്ന കോഴി മുട്ട ഈ അദ്ധ്യയന വര്‍ഷത്തില്‍ ആകെ അഞ്ച് ആഴ്ച്ചയാണ് വിതരണം ചെ‌യതതെന്നും തുടങ്ങി നിരവധി ആരോപണങ്ങള്‍ ടീക്കര്‍ക്കെതിരെ ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഇതുമായി ബന്ധപെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, ഉച്ച ഭക്ഷണവുമായി ബന്ധപെട്ട കണക്കുകള്‍ അവലോകനം ചെയ്യുന്നതിനും വേണ്ടി പി.ടി.എ എക്സിക്യൂട്ടീവും നൂണ്‍ ഫീഡിങ്ങ് കമ്മിറ്റിയും പലതവണ വിളിച്ചു ചേര്‍ത്തുവെങ്കിലും ടീച്ചര്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രസിഡന്റ് സി.ഹംസ പി.ടി.എ കമ്മിറ്റുയുടെ പരാതി മാനേജര്‍ക്ക് സമര്‍പ്പിച്ചതിനടിസ്ഥാനത്തിലാണ് മാനേജര്‍ എച്ച്.എമ്മിനെതിരെ സസ്പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. 
 സസ്പെന്‍ഷന്‍ നടപടിയെ ചോദ്യം ചെയ്‌ത് ദേവകി ടീച്ചര്‍ ഓഫീസില്‍ കയറുകയും സ്‌കൂള്‍ സമയം കഴിഞ് ഒരു മണിക്കൂറ് കഴിഞ്ഞും ഓഫീസില്‍ നിന്ന് ഇറങ്ങാത്ത സാഹചര്യത്തിലാണ് ഓഫീസ് അടക്കേണ്ടി വന്നതെന്നും ഓഫീസിനകത്തുള്ള ബാഗും മൊബൈലും പോലീസ് വന്നിട്ട് എടുക്കാമെന്ന് പറഞ്ഞുവെങ്കിലും അതിനു കാത്ത് നില്‍കാതെ ടീച്ചര്‍ പോവുകയായിരുന്നുവെന്നും അസഭ്യം പറഞ്ഞുവെന്ന ആരോപണം അടിസ്ഥാനരഹിതമാണന്നും മാനേജ്മെന്റുമായ ബന്ധപെട്ട വൃത്തങ്ങള്‍ അറിയിച്ചു. മൊറയൂരില്‍ നിന്നു വീട് മാറിയതാനുലും മൊബൈല്‍ ഫോണ്‍ ഓഫീസില്‍ ആയതിനാലും ദേവകി ടീച്ചറുമായി ബന്ധ പെടാന്‍ “എന്റെ മോങ്ങം ന്യൂസ് ബോക്സ്”നു ഇതു വരെ കഴിഞ്ഞിട്ടില്ല. 
  റിട്ടയര്‍ ചെയ്യാന്‍ ഏതാനും ദിവസങ്ങള്‍ കൂടി മാത്രം അവശേഷിക്കേ ഇത്തരം ഒരു നടപടി കഴിയുന്നതും ഒഴിവാക്കേണ്ടതായിരുന്നു വെന്നും, ഇരു വിഭാഗവും വിട്ട് വീഴ്ച്ചക്ക് തയ്യാറായി പ്രശനം രമ്യമായി പരിഹരിക്കാന്‍ തയ്യാറാവണമെന്നും ദേവകി ടീച്ചര്‍ക്ക് മാന്യമായി പിരിഞ്ഞു പോകാന്‍ സാഹചര്യമൊരുക്കണമെന്നും ഫേസ് ബുക്കില്‍ ഇതിനെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ ചിലര്‍ അഭിപ്രായപെട്ടു . എന്നാല്‍ സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വല്ലതും നഷ്‌ടപെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം വിശദീകരിക്കാനുളള ബാധ്യത ഉത്തരവാധിത്തപെട്ടവര്‍ക്കുണ്ടെന്നും, വരവ് ചിലവ് കണക്കുകള്‍ പി.ടി.എ കമ്മിറ്റി മുന്‍പാകെ ബോധ്യപെടുത്താന്‍ ടീച്ചര്‍ തയ്യാറാവണമെന്നും ഇക്കാര്യത്തില്‍ അനാവിശ്യ വാശി ടീച്ചര്‍ വെടിയണമെന്നും വേറെ ചില കോണുകളില്‍ നിന്നും അഭിപ്രായമുണ്ട്.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment