തന്തയില്ലാത്ത റോഡിന്റെ ശോചനീയാവസ്ഥ: ജനം ദിരിതത്തില്‍

      മോങ്ങം: ഒരു പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ അല്‍‌പ്പ ഭാഗം മറ്റൊരു പഞ്ചായത്തിലൂടെ കടന്നു പോകുന്നു എന്ന ഒറ്റ കാരണത്താല്‍ തന്ത ആരെന്നറിയാതെ തകര്‍ന്നടിയുകയാണ് മോങ്ങം അരിമ്പ്ര റോഡിന്റെ ഏതാനും ഭാഗങ്ങള്‍. മൊറയൂര്‍ പഞ്ചായത്തിന്റെ കീഴിലുള്ള മോങ്ങം അരിമ്പ്ര റോഡിന്റെ പൂക്കോട്ടൂര്‍ പഞ്ചായത്തിന്റെ പരിധിയിലൂടെ കടന്ന് പോകുന്ന ഭാഗങ്ങളുടെ അവസ്ഥ ഇന്ന് വളരെ പരിധാപകരമാണ്. മോങ്ങത്ത് നിന്നും ഒന്നര കിലോമീറ്റര്‍ കഴിഞ്ഞ് പനപ്പടിയിലെത്തുന്നതോടെ ഈ റോഡ് പൂര്‍ണ്ണമായും നശിച്ച അവസ്ഥയാണ്.
      വര്‍ഷങ്ങള്‍ക്ക് മുമ്പ് റോഡ് ആദ്യമായി ടാര്‍ ചെയ്തതിന് ശേഷം ഇന്ന് വരെ ഇവിടെ യാതൊരു വിധത്തിലുള്ള അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. മൂന്ന് പ്രധാന വിദ്യഭ്യാസ സ്ഥാപനങ്ങളാണ് ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്നത്. ഈ ഭാഗത്തിലൂടെ കുത്തി കുലുങ്ങി യാ‍ത്ര ചെയ്യുമ്പോല്‍ സ്കൂള്‍ ബസില്‍ കുട്ടികള്‍ ചര്‍ദ്ദിക്കുന്ന അവസ്ഥ പതിവാണത്രെ. കൂടാതെ ഇപ്പോള്‍ മിനി ഊട്ടി എന്നറിയപ്പെടുന്ന അരിമ്പ്ര മലയിലേക്കുള്ള വിനോദ സഞ്ചാരികള്‍ പ്രധാനമായും ആശ്രയിക്കുന്ന റോഡും ഇതാണ്. ഒരു ചാറ്റല്‍ മഴ പെയ്താല്‍ പിന്നെ വാഹനങ്ങള്‍ക്ക് പോയിട്ട് ജനങ്ങള്‍ക്ക് നേരാവണ്ണം നടന്ന് പോവാന്‍ പോലും പറ്റാത്ത അവസ്ഥയാണിപ്പോള്‍.
     റോഡിന്റെ മറ്റു ഭാഗങ്ങള്‍ അറ്റകുറ്റപണിക്ക് ഇടക്കൊക്കെ മുറയൂര്‍ പഞ്ചായത്ത് ഫണ്ട് അനുവധിക്കുമ്പോഴും ഏതാണ്ട് അരകിലോമീറ്ററിനു താഴെ വരുന്ന ഈ ഭാഗം പൂക്കോട്ടൂര്‍ പഞ്ചായത്തിന്റെ പതിനെട്ടാം വാര്‍ഡിലൂടെയാണ് കടന്ന് പോവുന്നത് എന്നതിനാല്‍ ഈ ഭാഗത്തേക്ക് യാതൊരു ഫണ്ടും അനുവധിക്കാറില്ല. മൊറയൂര്‍ പഞ്ചായത്തിന്റെ ഏഴാം വാര്‍ഡിലുള്ള റോഡായതിനാല്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത് രേഖകളില്‍ ഈ റോഡ് ഇല്ലതാനും. ഈ തകര്‍ന്ന് കിടക്കുന്ന ഭാഗത്തിന്റെ ഇരു വശവും പൂക്കോട്ടൂര്‍ പഞ്ചായത്തിലായതിനാല്‍ ഇക്കാര്യത്തില്‍ ഒഴിഞ്ഞ് മാറാനൊന്നും അവര്‍ക്കാവില്ല. വാര്‍ഡ് മെമ്പറുടെ ജാഗ്രത കുറവ് ഇക്കാര്യത്തില്‍ തെളിഞ്ഞ് കാണുന്നുണ്ട്.
      രണ്ട് പഞ്ചായത്തും കയ്യൊഴിയുന്ന ഈ റോഡ് പൊതു മരാമത്ത് വകുപ്പിനെ കൊണ്ട് ഏറ്റെടുപ്പിക്കാനുള്ള ശ്രമം നടന്നിരുന്നു വെങ്കിലും അതും വിജയം കണ്ടില്ല. കാരണം പി ഡബ്ലിയു വകുപ്പ് ഇത്തരം റോഡ് ഏറ്റെടുക്കണമെങ്കില്‍ മിനിമം 8 മീറ്റര്‍ വീതി വേണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഈ റോഡിന്റെ  ഏതാണ്ട് എല്ലായിടത്തും എട്ടും പത്തും മീറ്റര്‍ വീതിയുണ്ടങ്കിലും തുടക്കത്തില്‍ പഴയ രജിസ്റ്റര്‍ ഓഫീസിനു മുമ്പായി ഏതാണ്ട് നൂറ് മീറ്ററിനു താഴെ സ്ഥലം അല്‍പ്പം വീതി കുറവാണ് എന്നതിനാലാണ് ഇത് പി ഡബ്ലിയു ഡി ഏറ്റെടുക്കാതെ ചുവപ്പ് നാടയില്‍ കുരുങ്ങി കിടക്കുന്നത് എന്ന് പറയപെടുന്നു. എല്ലാ പാര്‍ട്ടികളിലും മുന്നണികളിലും സ്വാധീനമുള്ള ആ സ്ഥലമുടമയില്‍ നിന്ന് റോഡിനാവിശ്യമായ സ്ഥലം വിട്ടുതരാനാവിശ്യപെടാന്‍ ഇത് വരെ ഒരു രാഷ്‌ട്രീയ കക്ഷികളും മുന്നോട്ട് വന്നിട്ടില്ല.
      ചുരുക്കത്തില്‍ തന്തയും തറവാടും ഇല്ലാത്ത ഈ റോഡാവട്ടെ നാടിനും നാട്ടുകാര്‍ക്കും ഒരു ശാപമായി മാറുകയാണെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഇരു വാര്‍ഡ് മെമ്പര്‍മാരും ഇക്കാര്യത്തില്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല എന്ന പരാതിയാണിപ്പോള്‍ ഇവിടത്ത്ക്കാര്‍ക്കുള്ളത്. അധികാരികളുടെ കണ്ണ് തുറപ്പിക്കാന്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സം‌ഘടിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പരിസരവാസികള്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിനോട് പറഞ്ഞു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment