നാടിന്റെ ആദരവ് ഏറ്റ് വാങ്ങിയ ഐസക്ക് മാഷിന് സംസ്ഥാന അദ്ധ്യാപക അവാര്‍ഡ്

        മോങ്ങം: മൊറയൂര്‍ വി എച്ച് എം എച്ച്  ഹയര്‍ സെക്കന്‍‌ഡറി സ്കൂളില്‍ നിന്നും പ്രിന്‍സിപ്പല്‍ സേവനം പൂര്‍ത്തിയാക്കി ഒരു നാടിന്റെ എല്ലാ ആദവും ഏറ്റ്വാങ്ങി പടിയിറങ്ങിയ പി.വി.ഐസക്കെന്ന നമ്മുടെ ഐസ്ക്ക് മാഷെ തേടി വീണ്ടും പുരസ്കാര പെരുമ. മികച്ച ആദ്ധ്യാപകനുള്ള 2010-2011വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡിനാണു കോഴിക്കോട് മേഖലയില്‍ നിന്നും ഐസക്ക് മാഷെ തിരഞ്ഞടുത്തത്.
     മുപ്പത്തി രണ്ട് വര്‍ഷം മൊറയൂര്‍ വി എച്  എം എച്ച് എസ്സില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. ആദ്യം ഹൈ സ്കൂള്‍ ആദ്ധ്യാപകനയും പിന്നെ ഹെഡ് മാസ്റ്ററായും രണ്ടായിരം മുതല്‍ ഹയര്‍  സെക്കന്‍‌ഡറി പ്രിന്‍സിപ്പലായും അദ്ദേഹം സേവനം പൂര്‍ത്തിയാക്കിയത്. ഹെഡ് മാസ്റ്ററായി ചുമതലയേല്‍ക്കുന്ന കാലഘട്ടങ്ങളില്‍ പ്രദേശത്തെ ഏറ്റവും നിലവാരം കുറഞ്ഞതും അച്ചടക്കത്തിന്റെ കാര്യത്തിലും മറ്റും പൊതുവെ മോശം മേല്‍‌വിലാസമുണ്ടായിരുന്ന മൊറയൂര്‍ സ്കൂളിനെ ചിട്ടയായും കര്‍ക്കശമായും മുന്നോട്ട് നയിച്ച് ഇന്ന് നൂറുമേനി വിളയുന്ന ജില്ലയിലെ തന്നെ ഒന്നാം നിര സ്കൂളുകളുടെ നിരയിലേക്ക് ഉയര്‍ത്തിയതിന് നേതൃത്വം നല്‍കിയത് ഐസക്ക് മാഷായിരുന്നു.  
    20 മുതല്‍ 50 ശതമാനത്തിനുള്ളില്‍ മാത്രം എസ്.എസ്.എല്‍.സി വിജയം ഒതുങ്ങിയിരുന്ന സ്കൂളിനെ എസ്.എസ്.എല്‍.സിക്കും പ്ലസ് ടു വിനും പല വര്‍ഷങ്ങളും നൂറിനടത്തും നാല് വര്‍ഷം നൂറ് ശതമാനവും വിജയത്തിലെത്തിച്ച് അഭിമാനത്തോടെയാണ് കുട്ടികളുടെ പ്രിയപെട്ട ഐസക്ക് മാഷ് പടിയിറങ്ങിയത്. 2002ല്‍ മലയാള മനോരമ എയര്‍ ഇന്ത്യ പ്രധിഭാ പുരസ്കാരവും 2010ല്‍ നാഷണല്‍ അവാര്‍ഡ്‌ ടീച്ചേഴ്സ് അസോസിയേഷന്റെ ഗുരുശ്രേഷ്‌ഠാ പുരസ്കാരവും ഐസക്ക് മാഷെ തേടിയെത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ഐസക് മാഷ് മൊറയൂര്‍ സ്കൂളില്‍ നിന്നും വിരമിച്ചത്.
         സ്കൂളിനകത്ത് കര്‍ക്കശക്കാരനും സ്കൂളിനു പുറത്ത് ഒരു കൂട്ടുകാരനെപോലെയും പെരുമാറുന്ന തങ്ങളുടെ പ്രിയ അദ്ധ്യാപകന് കിട്ടിയ ഈ അവാര്‍ഡ് വാര്‍ത്തയുടെ പത്ര കട്ടിങ്ങുകളുമായി ഇന്റര്‍നെറ്റില്‍ ഫേസ്ബുക്കിലും മറ്റും സന്തോഷം പങ്കിടുകയാണ് സ്വദേശത്തും വിദേശങ്ങളിലുമായി ചിതറി കിട്ക്കുന്ന മാഷിന്റെ ശിഷ്യ ഗണങ്ങള്‍. ഐസക്ക് മാഷെ നേരിട്ട് കണ്ടോ ഫോണില്‍ വിളിച്ചോ അഭിനന്ദനം അറിയിക്കാന്‍ കഴിയാത്ത പലരും ആ വാര്‍ത്തക്ക് കീഴില്‍ ആശംസകള്‍ അര്‍പ്പിച്ച് തങ്ങളുടെ ഗുരുവിനോടുള്ള കടപ്പാട് രേഖപെടുത്തുകയാണ്. ഈ സന്തോഷവാര്‍ത്ത എല്ലാവരെയും അറിയിക്കാനും ആശംസ നേര്‍ന്നവര്‍ക്കെല്ലാം നന്ദി രേഖപെടുത്തുന്നതായും “എന്റെ മോങ്ങം“ ചീഫ് എഡിറ്റര്‍ സി.ടി.അലവിക്കുട്ടിയുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ ഐസക്ക് മാഷ് പറഞ്ഞു.
       റാണി വെച്ചുച്ചിറ സ്വദേശിയായ ഐസക് മാഷ് ദീര്‍ഘ കാലം മോങ്ങം ഹില്‍ടോപ്പിലും പിന്നീട് വാലഞ്ചേരിയിലുമായിരുന്നു താമസിച്ചിരുന്നത്. അദ്ധ്യാപകന്‍ എന്നതിലുപരി ഒരു മികച്ച സംഘാടകന്‍ കൂടിയായി സ്കൂളിലെ കലാ കായിക മത്സര ദിനങ്ങളിലെ  ആള്‍ റൌണ്ടറായി നിയന്ത്രിച്ചിരുന്ന ഐസക്ക് മാഷ് ഭാരത് സ്കൌട്ട് ആന്റ് ഗൈഡന്‍സിന്റെ ജില്ലാ കമ്മീഷണറായി മൂന്ന് വര്‍ഷം ചുമതല വഹിച്ചിരുന്നു. വൈ.എം.സി.എ യുടെ സജീവ പ്രവര്‍ത്തകനായിരുന്ന മാഷ് സ്കൂളുകള്‍ കേന്ദ്രീകരിച്ച് പഞ്ചായത്ത് നടത്തിയ ശുചിത്വ കൊത്ക് നിവാരണ ( സാനിറ്റേഷന്‍ ) പദ്ധതികള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കി നല്ല നിലയില്‍ നടപ്പാക്കിയതിന് പഞ്ചായത്തിന്റെ പ്രശംസാ പത്രം നേടിയിട്ടുണ്ട്. 
     നാട്ടിലെ കലാ കായിക ജീവ കാരുണ്യ മേഖലയില്‍ സജീവമായിരുന്ന ഐസക്ക് മാഷ് മോങ്ങം മനീഷാ ക്ലബ്ബിന്റെ സ്ഥാപക കാല പ്രസിഡന്റായിരുന്നു.  ഭാര്യ മറിയാമ്മ ടീച്ചര്‍ ഇതേ സ്കൂളിലെ സംസ്കൃതം ആദ്ധ്യാപികയാണ്. ഡോക്ടറായ . ഹോണി മേരി ഐസക് , എം.ബി.ബി.എസ്‌ വിദ്ധ്യാര്‍ത്ഥിയായ ഡൈനി ഐസക്കും മക്കളാണ്. ആലപ്പുഴ ബിലിവേഴ്സ് ചര്‍ച്ച് ഹയര്‍ സെക്കന്‍‌ഡറി സ്കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ടിക്കുകയാണ് അദ്ധേഹം ഇപ്പോള്‍. സെപ്‌റ്റംബര്‍ അഞ്ചിന് മലപ്പുറത്ത് വെച്ച് നടക്കുന്ന അദ്ധ്യാപകദിനാഘോഷ ചടങ്ങില്‍ വെച്ച് വിദ്ധ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുള്‍ റബ്ബ് ഐസക്ക് മാഷിന് അവാര്‍ഡ് സമ്മാനിക്കും.


0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment