സഹപാഠിക്ക് ചികിത്സാ സഹായം നല്‍കി

     മോങ്ങം : സഹപാഠിക്ക് ചികിത്സാ സഹായമേകി കുരുന്നുകള്‍ സമൂഹത്തിനു മാതൃകയായി. മൊറയൂര്‍ വി.എച്ച്.എം. ഹെയര്‍ സെക്ന്ററി സ്കൂളിലെ ഒമ്പതാം തരത്തില്‍ പഠിക്കുന്ന മോങ്ങം ചെരിക്കക്കാട് സി.കെ.അജ്മലിനാണ് സ്കൂളിലെ മുഴുവന്‍ വിദ്ധ്യാര്‍ത്ഥികളും അദ്ധ്യാപകരും സഹായധനം എത്തിച്ചത്. ശ്വാസകോശ വാല്‍‌വിനുണ്ടായ അണുബാധയെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ഏതാണ്ട് ഇരുപത് ദിവസ്ത്തോളമായി കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന കൂട്ടുകാരന് വേണ്ടി അവര്‍ സമാഹരിച്ച എഴുപതിനായിരത്തോളം രൂപയുടെ ചികിത്സാ സഹായം അജ്മലിന്റെ ബന്ധുക്കള്‍ക്ക് സ്കൂള്‍ അധികൃതര്‍ കൈമാറി. ഭീമമായ ചികിത്സാ ചിലവുകള്‍ക്കിടയില്‍ അജ്മലിന്റെ കുടുംബത്തിന് വലിയ ഒരു ആശ്വാസം തന്നെയാണ് സഹപാഠികളുടെ ഈ സ്വാന്തന സഹായം. 
     ജിദ്ദയില്‍ ജോലി ചെയ്യുന്ന സി.കെ.മുഹമ്മദിന്റെ മകനായ അജ്മലിന് കാര്യമായ അസുഖം ഒന്നും ഉണ്ടായിരുന്നില്ല. ചെറിയ ഒരു വേദന തുടങ്ങി അന്ന് തന്നെ അസുഖം മൂര്‍ച്ചിക്കുകയായിരുന്നു. മകന്റെ അസുഖ വിവരം അറിഞ്ഞ് പിതാവ് പിറ്റേന്ന് തന്നെ നാട്ടിലേക്ക് തിരിച്ചിരുന്നു. അജ്മല്‍ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്.