ഒമാനില്‍ ശക്തമായ പൊടിക്കാറ്റ്


   മസ്കത്ത്: ആറ് വര്‍ഷത്തിനു ശേഷം ഒമാനിന്‍െറ പല ഭാഗങ്ങളിലും ഇന്നലെ ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. ചിലയിടങ്ങളില്‍ മഴയും പെയ്തു. കാഴ്ച പൂര്‍ണമായും മറക്കുന്ന രീതിയിലുള്ള പൊടിക്കാറ്റ് ആണ് വീശിയത്. റോഡപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍, പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ റുസൈല്‍ വ്യവസായ മേഖലയിലാണ് ആദ്യം പൊടിക്കാറ്റ് കണ്ടത്. 20 മിനിട്ടോളം നീണ്ടുനിന്ന ശേഷം മഴക്ക് വഴിമാറി ഇത് മറ്റിടങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇതിന്‍െറ തുടര്‍ച്ചയായി സീബ്, മൊബേല, ഗാല, റൂവി, മത്ര എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശിയത്. മിക്ക ഭാഗങ്ങളിലും നേരിയ മഴയും റിപ്പോര്‍ട്ട് ചെയ്തു. ചില പ്രദേശങ്ങളില്‍ വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ട്. 
    ഇന്നലെ ഉച്ചക്ക് 1.30ഓടെ സൊഹാറിലും ബര്‍കയിലും പൊടിക്കാറ്റ് ഉണ്ടായതായി സമീപവാസികള്‍ പറഞ്ഞു. പിന്നീട് ഇവിടെ മഴയും പെയ്തു.   അതേസമയം, രാജ്യത്തിന്‍െറ പലഭാഗങ്ങളിലും ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ചൊവ്വാഴ്ച ശര്‍ഖിയ, ബതിന, ദാഖിലിയ തുടങ്ങിയ മേഖലകളില്‍ മഴ പെയ്തിരുന്നു.സമൈല്‍, സൊഹാര്‍, റുസ്താഖ്, നിസ്വ, മുദൈബി, ഇബ്റ, ബഹ്ല എന്നിവിടങ്ങളില്‍ ഇന്ന് മഴക്ക് സാധ്യതയുണ്ട്.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment