ക‌അബക്ക് അകത്തെ നിസ്ക്കാരവും, കിണറില്‍ നിന്ന് മുക്കിയ സംസവും (ബീരാന്‍ കുട്ടി ഹാജിയുടെ ആദ്യ ഹജ്ജ് അനുഭവങ്ങള്‍ -2)

      ക‌അബാ ശരീഫിന്റെ ഉള്ളില്‍ കയറി രണ്ട് റക‌അത്ത് സുന്നത്ത് നിസ്കരിച്ച ഒരേ ഒരു മോങ്ങത്തുകാരന്‍ ഒരു പക്ഷെ ബീരാന്‍ കുട്ടി ഹാജി മാത്രമായിരിക്കും. അന്ന് തിരക്കില്ലാത്ത ഒരു ദിവസം യാദൃ‌ക്ഷികമായി അതിനുള്ള അവസരം ബീരാന്‍ കുട്ടി ഹാജിക്ക് ലഭിക്കുകയായിരുന്നുവത്രെ. ക‌അബക്ക് അകത്ത് ഏതാനും തൂക്കു വിളക്കുകള്‍ മാത്രമാണുള്ളതെന്ന് അദ്ധേഹം പറഞ്ഞു. ഇബ്‌റാഹിം മഖാം ഇന്നത്തെ പോലെ കൂടു കെട്ടി മറച്ചിട്ടില്ലെന്നും മുകളില്‍ മഴയും വെയിലും കൊള്ളാതിരിക്കാനുള്ള ഒരു മറ മാത്രമെ ഉണ്ടായിരുന്നൊള്ളൂവെന്നും ബീരാന്‍ കുട്ടി ഹാജി ഓര്‍മിക്കുന്നു. 
    ഇന്ന് സംസം കിണര്‍ ആര്‍ക്കും കാണാത്ത വിധം മറക്കപെട്ടിട്ടുണ്ടെങ്കില്‍ അന്ന് സംസം കിണറില്‍ നിന്ന് വെള്ളം മുക്കിയെടുക്കാറായിന്നുവെന്ന് അദ്ധേഹം ഓര്‍ക്കുന്നു. അത് മുക്കിയെടുത്ത് ജനങ്ങള്‍ക്ക് തോല്‍ പാത്രത്തിലേക്ക് പകര്‍ന്ന് നല്‍കാനായി അവിടെ സ്വദേശികളായ പ്രതേകം ജോലിക്കാര്‍ തന്നെ ഉണ്ടായിരുന്നു. നാട്ടിലെ കിണര്‍ വട്ടത്തില്‍ ഏതാണ്ട് ഏഴു കോല്‍ ആഴത്തിലുള്ള കിണറില്‍ നിന്നു വെള്ളം ഒഴുകി പോകും എന്ന് തോന്നുന്ന രീതിയില്‍ നിറഞ്ഞ് നില്‍ക്കാറുണ്ടായിരുന്നുവത്രെ. ജോലിക്കാരനെ കണ്ണ് വെട്ടിച്ച് ഒരു പാത്രം സംസം വെള്ളം മുക്കി തലയിലൂടെ ഒഴിച്ചതും അത് കണ്ട് ദേഷ്യപെട്ട ജോലിക്കാരന്‍ അറബിയില്‍ എന്തൊക്കെയോ പറഞ്ഞ് കയ്യിലുണ്ടായിരുന്ന പാത്രം കൊണ്ട് തലക്കൊരു അടി തന്നതും ഇന്നലെയെന്ന പോലെ ബീരാന്‍ കുട്ടി ഹാജി ഇന്നും ഓര്‍ത്തെടുക്കുന്നു. 
     മൂന്നു മാസക്കാലമാണ് ബീരാന്‍ കുട്ടി ഹാജി അടങ്ങുന്ന സംഘം അന്ന് മക്കയിലും മദീനയിലുമായി താമസിച്ചത്. റമദാന്‍ 27 ന് വീട്ടില്‍ നിന്ന് ഇറങ്ങിയ സംഘം നാലാം ദിവസം ബോംബെയില്‍ നിന്നും കപ്പല്‍ കയറി 9 ദിവസത്തെ കടല്‍ യാത്രകൊടുവില്‍ ജിദ്ദയില്‍ വന്നിറങ്ങുന്നത്. വറുതിയുടെയും പട്ടിണിയുടെയും നാളുകളായതിനാല്‍ അരിക്ക് കടുത്ത ക്ഷാമം നേരിടുന്ന കാലമായിരുന്നു അത്. ഹാജിമാര്‍ക്ക് അന്നത്തെ നെഹ്‌റു സര്‍ക്കാര്‍ അനുവധിച്ച ഒരു ചാക്ക് അരി യാത്രാ വേളയില്‍ എല്ലാവരും കൂടെ കരുതിയിരുന്നു. മൂന്ന് മാസത്തെ ഭക്ഷണാവിശ്യം കഴിഞ്ഞ് ബാക്കി വന്നത് അരി കിട്ടാ കനിയായ ഈ നാട്ടുക്കാര്‍ക്ക് വന്‍ വിലക്ക് വിറ്റതും ചിരിച്ച് കൊണ്ട് ബീരാന്‍ കുട്ടി ഹാജി അയവിറക്കി. 
        അക്കാലത്ത് സൌദിയില്‍ യാതൊരു ഫാക്ടറികളും ഇവിടെ ഇല്ലായിരുന്നു. ഒന്നോ രണ്ടോ ഉണ്ടങ്കില്‍ അത് അമേരിക്കന്‍ ബ്രിട്ടിഷ് കമ്പനികള്‍ മാത്രമായിരുന്നു എന്നും ബീരാന്‍ കുട്ടി ഹാജി പറഞ്ഞു. കാര്യമായി ജോലി ഒന്നും ഇല്ലാതിരുന്ന ഇവിടത്തെ സ്വദേശികള്‍ കാര്യമായും ഹാജിമാരില്‍ നിന്ന് കിട്ടുന്ന വരുമാനത്തെയും ഭക്ഷ്യ ധാന്യത്തെയും ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. സിറാജ് വല്ലി എന്ന മുതവ്വഫിന്‍ കീഴിലാണ് ബീരാന്‍ കുട്ടി ഹാജി അടക്കമുള്ളവര്‍ വന്നതെന്നും അദ്ധേഹമാണ് അക്കാലത്തെ സൌദിയിലെ ഏറ്റവും വലിയ ധനികന്‍ എന്നും ബീരാന്‍ കുട്ടി ഹാജി ഓര്‍മകള്‍ ചികഞ്ഞെടുത്ത് പറഞ്ഞു. അഹമ്മദ് മുസാവ എന്നൊരു കണ്ണൂര്‍ കാരനും മുതവ്വഫ് സേവനം നല്‍കിയിരുന്നതായി അദ്ധേഹം പറഞ്ഞു. 
     ലോകത്തെ വന്‍ പട്ടണങ്ങളുടെ കൂട്ടത്തില്‍ എണ്ണാവുന്ന ഒന്നാണ് ഇന്ന് ജിദ്ദ നഗരമെങ്കില്‍ അക്കാലത്ത് ജിദ്ദയില്‍ നല്ല ഒരു ഒരു റോഡ് പോലും ഇല്ലായിരുന്നു എന്ന് അദ്ധേഹം ഓര്‍മിക്കുന്നു. മുസാഫിര്‍ഖാനയുടെ ഒരു കെട്ടിടത്തിന്റെ പണി നടക്കുന്നതായും ബീരാന്‍ കുട്ടി ഹാജിക്ക് ഓര്‍മയുണ്ട്. ഈന്ത പനയുടെ ഓലകള്‍ കൊണ്ട് ഉണ്ടാക്കിയ റൂമുകളിലാണ് അന്ന് താമസിച്ചിരുന്നത്. ഹറമിലും അതിന്റെ ചുറ്റു ഭാഗത്തും മാത്രമായിരുന്നു അന്ന് വൈദ്യുതി ഉണ്ടായിരുന്നത്. വെളിച്ചത്തിനു റാന്തല്‍ വിളക്കും പാചകത്തിനു മണ്ണെണ്ണ സ്റ്റൌവുമായിരുന്നു ഉപയോഗിച്ചിരുന്നത്.  യമനികളുടെ കയ്യില്‍ നിന്നും ഒരു റിയാലിന് രണ്ട് തപ്പ് വെള്ളം വാങ്ങിയായിരുന്നു കുളിക്കാനും മറ്റും ഉപയോഗിച്ചിരുന്നത്. കാലാവസ്ഥ ചൂടാണെങ്കിലും  ഇടക്ക് മഴ ഉണ്ടായിരുന്നതായി അദ്ധേഹം പറഞ്ഞു.
(തുടരും)

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment