സ്കൂള്‍ ബസ് അപകടം: ആ കറുത്ത ബുധന് ഇന്ന് ആറ് വയസ്സ്

             2005 നവംബര്‍ 30 അന്നും ഇന്നത്തെ പോലെ ഒരു ബുധനാഴ്ച്ചയായിരുന്നു. മോങ്ങവും പരിസര പ്രദേശങ്ങളും ഒന്നടക്കം നടുങ്ങിയ ഒരു ദുരന്ത വാര്‍ത്തയാണ് ആ കറുത്ത ബുധനാഴ്ച്ചയുടെ വൈകുന്നേരം കടന്ന് വന്നത്. മോങ്ങം ഉമ്മുല്‍ ഖുറാ സ്കൂളില്‍ നിന്ന് കുട്ടികളുമായി മടങ്ങിയ ബസ് ടിപ്പു സുല്‍ത്താന്‍ റോഡില്‍ നിന്ന് 30 അടി താഴ്ച്ചയിലേക്ക് മറിഞ്ഞുവെന്നതായിരുന്നു ഞെട്ടിപ്പിക്കുന്ന ആ വിവരം.  ഏഴ് ജീവനെടുക്കുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കാനിടവരികയും ചെയ്ത ആ അപകടം മോങ്ങത്തിന്റെ ചരിത്രത്തില്‍ ഒരു നൊമ്പരപെടുത്തുന്ന ഓര്‍മയായി ഇന്നും അവശേഷിക്കുമ്പോള്‍ ഇന്ന് ആ ദുരന്തത്തിന്റെ ആറാം വാര്‍ഷിക ദിനമാണ് 
       വൈകുന്നേരം 3.45. മോങ്ങം തടപറമ്പ് ഉമ്മുല്‍ ഖുറാ ഇസ്ലാമിക് കോം‌പ്ലക്സില്‍ നിന്ന് വെള്ളൂര്‍ പൂക്കോട്ടൂര്‍ വള്ളുവമ്പ്രം വഴി മോങ്ങം നെച്ചിതടം ഭാഗത്തേക്കുള്ള കുട്ടികളുമായി ഡ്രൈവര്‍ കുഞ്ഞാക്ക ബസ് സ്റ്റാര്‍ട്ട് ചെയ്തു. ചിരിച്ചും കളിച്ചും ലാളിച്ചും ശാസിച്ചും തന്റെ മക്കളെ പോലെ കരുതി കൊണ്ട് നടക്കുന്ന കുഞ്ഞാക്കാക്ക് അറിയില്ലായിരുന്നു ഞാനും എന്റ് കുട്ടികളും പുറപെടുന്ന ഈ യാത്ര ഒരു ദുരന്ത യാത്രയായിരുന്നുവെന്ന്. സ്കൂളില്‍ നിന്നും പുറപെട്ട വാഹനം സാധാരണത്തെ പോലെ തന്നെ വളരെ സാവധാനം ടിപ്പു സുല്‍ത്താന്‍ റോഡിലെ ഇറക്കം ഇറങ്ങി മുന്നോട്ട് നീങ്ങി. ചെറിയ ഒരു വളവ് ഒടിച്ച വാഹാനം ആ വളവ് നിവര്‍ത്താതെ റോഡിന്റെ ഇടത് ഭാഗത്തേക്ക് പോയി സാവധാനം താഴോട്ട് മുഖം കുത്തി വീഴുകയായിരുന്നു എന്ന് ഈ അപകടത്തില്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ട റഹീസത്ത് ടീച്ചര്‍ ഓര്‍ക്കുന്നു. യാത്ര തുടങ്ങി 7 മിനുട്ടിനകം അപകടം സംഭവിച്ചിരുന്നു.
      പൊതുവെ ജനവാസം കുറഞ്ഞ ഭാഗമായതിനാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് ആളുകള്‍ ആരും ഇല്ല. എതിരെ വന്ന ലിറ്റില്‍ ഇന്ത്യ സ്കൂളിന്റെ വാഹനത്തിന്റെ ഡ്രൈവര്‍ അപകടം കണ്ടതിനാല്‍ ഉടനെതന്നെ സ്കൂളിലേക്ക് വിളിച്ചറിയിച്ചതിനാലും അത് വഴി കടന്ന് വന്ന ഒരു ഓട്ടോ ഡ്രൈവര്‍ സമയോചിതമായി ഇടപെട്ടതിനാലുമാണ് വിവരം പുറംലോകം അറിയുന്നത്. അപകട സ്ഥലത്തിനടുത്ത് പറമ്പില്‍ കാട് വെട്ടുകയായിരുന്ന രണ്ട് തമിഴ്‌നാട് സ്വദേശികള്‍ രക്ഷകരായി അവിടെ കുതിച്ചെത്തി കുട്ടികളെ രക്ഷപെടുത്താന്‍ തുടങ്ങി. കേട്ടവര്‍ കേട്ടവര്‍ കിട്ടിയ വാഹനങ്ങളുമായി അപകട സ്ഥലത്തേക്ക് കുതിച്ചു. മോങ്ങം അരിമ്പ്ര അറവങ്കര പൂക്കോട്ടൂര്‍ എന്നിവിടങ്ങളില്‍ നിന്നായി നൂറുകണക്കിന് ആളുകള്‍ ഏതാനും മിനുട്ടുകള്‍ക്കകം അപകട സ്ഥലത്തെത്തി.  
     രക്ഷാ പ്രവര്‍ത്തനത്തിന് ഏറെ തടസ്സങ്ങളുള്ള വിജനമായ ഒരു സ്ഥലത്തായിരുന്നു അപകടം സംഭവിച്ചത്.  റോഡില്‍ നിന്ന് താഴ്ച്ചയിലേക്ക് കൂപ്പ് കുത്തി തകര്‍ന്ന് കിടക്കുന്ന് ബസ്സും കൂട്ട കരച്ചിലും വിളിയുമായി ചോരയൊലിച്ച് ചിതറി കിടക്കുന്ന പിഞ്ചോമനകളുടെയും ദയനീയമായ  ആ രംഗങ്ങള്‍ കണ്ട്  ഓടി എത്തിയവര്‍ ആദ്യമൊന്ന് പകച്ച് പോയങ്കിലും പിന്നീട് സമചിത്തത വീണ്ടെടുത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. റോഡില്‍ നിന്ന് മുപ്പതടി താഴ്ച്ചയുള്ള ബസ് കിടക്കുന്നിടത്തേക്ക് നേരിട്ട് ഇറങ്ങാന്‍ വഴിയോ പടവുകളോ ഇല്ലാതിരുന്നതിരുനാല്‍ പരിക്കേറ്റവരെ 400 മീറ്ററോളം കുറ്റിക്കാട്ടിലൂടെ എടുത്ത് കൊണ്ട് പോയാണ് റോഡിലുള്ള വാഹനങ്ങളിലേക്ക് എത്തിക്കാനായൊള്ളൂ എന്നത് അപകടത്തില്‍ പരിക്കേറ്റവരെ പെട്ടന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് തടസ്സമായി. എങ്കിലും ദുര്‍ഘട പാതകളും പ്രതിസന്ധികളും തരണം ചെയ്ത് അവിടെയുള്ള എല്ലാവരും കൈ മെയ് മറന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഏതാണ്ട് അര മണിക്കൂറിനകം തന്നെ എല്ലാവരെയും ആശുപത്രികളിലേക്ക് കൊണ്ട് പോവാന്‍ കഴിഞ്ഞു എന്നത് ഇവിടെ എടുത്ത് പറയേണ്ടതാണ്. 
     നാടിനെ തീരാ ദുഃഖത്തിലാഴ്ത്തിയ ആ അപകടത്തില്‍ ഏഴ് ജീവനുകളാണ് നമുക്ക് നഷ്‌ടപെട്ടത്. ബസ് ഡ്രൈവര്‍ മോങ്ങം ചേങ്ങോടന്‍ സിദ്ധിഖലി എന്ന കുഞ്ഞാക്കയും, വിദ്ധ്യാര്‍ത്ഥികളായ ഹിഷാം, ഫസ്‌ന, ഷിഫാന നസ്‌റിന്‍ , എന്നിവര്‍ സംഭവ ദിവസവും, നാദിയ, സാദിഖലി, റുക്‍സാന എന്നിവര്‍ തൊട്ടടുത്ത് ദിവസങ്ങളിലുമായി മരണപെടുകയുണ്ടായി. 
      മോങ്ങത്തെ പഴയ കാല ഡ്രൈവര്‍മാരില്‍ പെട്ട കുഞ്ഞാക്കയുടെ കയ്യില്‍ നിന്ന് സുധീര്‍ഘമായ ഡ്രൈവിങ്ങ് ജീവിതത്തിനിടയില്‍ മറ്റേതെങ്കിലും ഒരു അപകടം ഉണ്ടായതായി ഇന്ന് വരെ ആരും പറഞ്ഞതായി കേട്ടിട്ടില്ല. പല രക്ഷിതാക്കള്‍ക്കും കുഞ്ഞാക്കയുടെ വണ്ടിയില്‍ കുട്ടികളെ വിട്ടാല്‍ അത് സുരക്ഷിത കവചമായി കണ്ടത് ഡ്രൈവിങ്ങില്‍ അദ്ധേഹത്തിനുണ്ടായിരുന്ന സൂഷ്മത കൊണ്ടായിരുന്നു. അതിനാല്‍ തന്നെ ഈ അപകടത്തിന്റെ കാരണമായത് വാഹനത്തിനുണ്ടായ സാങ്കേതിക തകരാറോ അല്ലങ്കില്‍ കുഞ്ഞാകാക്ക് ഉണ്ടായ ശാരീരിക അസ്വസ്തയോ ആവാം എന്ന നിഗമനത്തിലാണ് അന്ന് എല്ലാവരും എത്തിചേര്‍ന്നത്. 
      നാടിനെ തീരാ ദുഃഖത്തിലാഴത്തിയ ഉമ്മുല്‍ ഖുറാ ബസ് അപകടം നടപ്പോള്‍ മോങ്ങത്തെ എല്ലാ ജനവിഭാഗങ്ങളും അത് നാടിന്റെ മൊത്തം ഒരു ദുരന്തമായി ഏറ്റെടുക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. കക്ഷി രാഷ്ട്രീയത്തിന്റെയും സംഘടനാ സങ്കുചിതത്വത്തിന്റെയും വേലി കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് അപകടാനന്തരമുള്ള തുടര്‍ ദുരിധാശ്വാസ നടപടികളിലും മറ്റും പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിച്ചത് പ്രതേകം എടുത്ത് പറയേണ്ട ഒന്നാണ്. ഞങ്ങളുടെ ജന്മ നാടിന്റെ ദുരന്തത്തിന്റെ വ്യാപ്‌തി മനസ്സിലാക്കിയ പ്രവാസി സമൂഹവും അവസരത്തിനൊത്ത് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഈ അപകടവുമായി ബന്ധപെട്ട അനന്തര ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് അത് കരുത്തേകി. ജിദ്ദയില്‍ അടിയന്തിര യോഗം ചേര്‍ന്ന മോങ്ങത്തെയും പരിസരങ്ങളിലെയും പ്രവാസികള്‍ ഒരു ദുരിതാശ്വാസ നിധി രൂപീകരിക്കുകയും ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ സമാഹരിച്ച് നാ‍ട്ടിലെത്തിക്കുകയും ചെയ്തു. അത് തുടര്‍ ചികിത്സ ആവിശ്യമായ നിരവധി പേര്‍ക്ക് ആശ്വാസത്തിന്റെ തെളിനീര്‍ ഉറവകളായിരുന്നു എന്നതില്‍ സംശയമില്ല. 
      തടപറമ്പില്‍ നിന്നും മൈലാടി യിലേക്കുള്ള ടിപ്പു സുല്‍ത്താന്‍ റൊഡിലൂടെ പോകുന്ന ആര്‍ക്കും ഇന്നും ആ സ്ഥലത്തെത്തുമ്പോള്‍ ആറ് വര്‍ഷങ്ങള്‍ക്കപ്പുറത്തെ ആ കറുത്ത ദിനത്തെ കുറിച്ച് ഓര്‍മകള്‍ ഓടിവരും. ഒരു നാടിന മുഴുവന്‍ കണ്ണീരിലാഴ്ത്തി ജീവന്റെ അനിവാര്യമായ അവധിക്ക് വഴങ്ങി നമ്മളില്‍ നിന്നും പടി കടന്ന് പോയ ആ വിദ്ധ്യാര്‍ത്ഥികളുടെയും കുഞ്ഞാക്കയുടെയും കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നതോടൊപ്പം അവരുടെ പരലോക ജീവിതം വിജയിക്കട്ടെ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടൊപ്പം ഇത്തരം ദുരന്ത ചരിതങ്ങള്‍ ഇനി ഉണ്ടാവതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment