ഒരു നോക്ക് കാണാന്‍ പതിനായിരങ്ങള്‍: തൃപനച്ചി മുഹമ്മദ് മുസ്ലിയാര്‍ക്ക് മസ്ജിദു ലിവാഇല്‍ അന്ത്യ വിശ്രമം

          തൃപനച്ചി: ഇന്നലെ അന്തരിച്ച പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ തൃപനച്ചി പാലക്കാട് തവളകുഴിയന്‍ മുഹമ്മദ് മുസ്ലിയാരുടെ ജനാസ വൈകിട്ട് മൂന്ന് മണിയോടെ ഖബറടക്കി. മുഹമ്മദ് മുസ്ലിയാരുടെ സ്വ പ്രയത്നത്താല്‍ പണിത മസ്ജിദുല്‍ ലിവാഇന് അകത്താണ് ജനാസ ഖബറടക്കിയത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ 12.30ന് ആയിരുന്നു അന്ത്യം സംഭവിച്ചത്. രണ്ട് മാസം മുമ്പ് പള്ളിയില്‍ കാല് വഴുതി വീണ് പരിക്കേറ്റതിനാല്‍ രോഗ ശയ്യയിലായിരുന്നു. നിരവധി പേരുടെ ആത്മീയ ഗുരുവായിരുന്നു തൃപനച്ചി മുഹമ്മദ് മുസ്ലിയാര്‍.  
    മരണ വിവരം അറിഞ്ഞ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പതിനായിരകണക്കിന് ആളുകള്‍ അവസാനമായി ഒരു നോക്ക് കാണാനും ജനാസ നമസ്കാരത്തില്‍ പങ്കെടുക്കാനും കൊതിച്ച് തൃപനച്ചിയിലേക്ക് ഒഴുകിയപ്പോള്‍ കണ്ണീരില്‍ കുതിര്‍ന്ന ആ മണ്ണിന് അത് ഉള്‍കൊള്ളാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. പണ്ഡിതരും നേതാക്കളും സാധാരണക്കാരുമായി  പതിനായിരക്കണക്കിന് ജനങ്ങളും അവരെ വഹിച്ചെത്തിയ ആയിരക്കണക്കിന് വാഹനങ്ങളെയും കൊണ്ട് ആ പ്രദേശം മുഴുവന്‍ അക്ഷരാര്‍ത്ഥത്തില്‍ വീര്‍പ്പ് മുട്ടി. കിലോ മീറ്ററുകള്‍ ദൂരെ വാഹനങ്ങള്‍ നിര്‍ത്തി കാല്‍ നടയായിട്ടാണ്  ജനങ്ങള്‍  മയ്യിത്ത് നിസ്കരാം നടന്ന കൊടിമരത്തിങ്ങലേക്ക് എത്തിയത്. മഞ്ചേരി കിഴിശ്ശേരി റൂട്ടിലെ വാഹന ഗതാഗതം പല ഘട്ടങ്ങളിലും തടസ്സപെട്ട അവസ്ഥയായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ ഏതാണ്ട് രണ്ട് കിലോമീറ്റര്‍ അപ്പുറം പാര്‍ക്ക് ചെയ്യിപ്പിച്ചും ആളെ ഇറക്കി മടക്കിയയച്ചും വളണ്ടിയര്‍മാര്‍ സജീവമായി പ്രവര്‍ത്തിച്ചാണ് തിരക്ക് നിയന്ത്രിച്ചത്.
     ജന ബാഹുല്യം കൊണ്ട് ഏതാണ്ട് മുപ്പത് തവണകളായിട്ടാണ് മയ്യിത്ത് നിസ്കാരം നിര്‍വ്വഹിച്ചത്. സയ്യിദ് മുഹമ്മദ് മുത്ത്കോയ തങ്ങള്‍, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍,  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍,  ഖാസി സയ്യിദ് അബ്ദുള്‍ ഖയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, അസ്‌ഹരി തങ്ങള്‍, റഹ്‌മത്തുള്ളാ ഖാസിമി മൂത്തേടം, കോട്ടുമല ബാപ്പു മുസ്ലിയാര്‍, കുന്നുമ്പുറം ബാപ്പു മുസ്ലിയാര്‍, കാളാവ് മുഹമ്മദ് മുസ്ലിയാര്‍, ഒ.കെ.മൂസകുട്ടി മുസ്ലിയാര്‍, കുഞ്ഞിക്കോയ മുസ്ലിയാര്‍, പ്രൊഫസര്‍ ആലികുട്ടി മുസ്ലിയാര്‍, അമ്പലകടവ് അബ്ദുള്‍ ഹമീദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങി നിരവധി പ്രമുഖര്‍ ജനാസ സന്ദര്‍ശിക്കുകയും മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment