കൊഴിഞ്ഞ വര്‍ഷവും നമ്മുടെ മോങ്ങവും.

      രു വര്‍ഷം കൂടി നമ്മളില്‍ നിന്ന് അകന്ന് പോയി. 2011 മോങ്ങത്തിനെ  സംബന്ധിച്ചിടത്തോളം അല്‍പ്പമൊക്കെ അഭിമാനിക്കാനുള്ള വക നല്‍കികൊണ്ടാണ് കടന്ന് പോയത്. പൊതു വിഷയങ്ങളിലൊന്നും ഐക്യപെടുന്ന സ്വഭാവം പൊതുവെ കുറവായ നമ്മുടെ നാട് ആ പതിവ് തെറ്റിച്ച് കൊണ്ട് നാടിനെ ഗ്രസിച്ച ലഹരിയെന്ന മഹാ വിപത്തിനെതിരെ ഒരു കൂട്ടായ്മ രൂപീകരിക്കുകയും പ്രവര്‍ത്തനങ്ങളുമായി മുന്നേറെന്ന ശുഭ പ്രതീക്ഷ നല്‍കുന്ന കാഴ്ച്ചകളും കണ്ട് കൊണ്ടാണ് 2011 നമ്മില്‍ നിന്ന് നടന്നകന്നത്.
  സി.കെ.ഉമര്‍ കുട്ടി മാസ്റ്റര്‍ മുതല്‍ കോഴിക്കോടന്‍ അബൂബക്കര്‍ക്ക വരെ മുപ്പതോളം പേരാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടക്ക് ജീവന്റെ അനിവാര്യമായ അവധിക്ക് വഴങ്ങി നമ്മളോട് യാത്ര പറഞ്ഞത്. അതില്‍ നീണ്ട് അന്‍പത് കൊല്ലം ചെറുപുത്തൂര്‍ മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറായിരുന്ന മണ്ണിങ്ങച്ചാലി മൊയ്ദീന്‍ കുട്ടി ഹാജി, പ്രമുഖ മത പണ്ഡിതന്‍ സി.കെ.മമ്മോയില്‍ മുസ്ലിയാര്‍ ഹില്‍ടോപ്പ്, മോങ്ങത്തെ ആദ്യ പോലീസുകാരന്‍ എ.എസ്.ഐ. സുകുമാരേട്ടന്‍ , വാലഞ്ചേരിയിലെ പൌര പ്രമുഖനും വാലഞ്ചേരി സലഫി മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മോങ്ങത്തെ ആദ്യകാല വ്യാപാരിയുമായ വാളപ്ര സിറാജുദ്ധീന്‍ ഹാജി, ചെറുപുത്തൂരിന്റെ ഗുരുനാഥന്‍‌മാരായ ഉണ്ണിയ്യ ടീച്ചര്‍, ഓടക്കല്‍ അബ്ദുള്ള കുട്ടി മാസ്റ്റര്‍ എന്നിവരുടെയൊക്കെ വിയോഗം നമ്മുടെ പ്രദേശത്തിനു നികത്താനാവാത്ത നഷ്ടം തന്നെയാണ്.  വിവിധ മേഖലകളില്‍ സമൂഹത്തിന് മാതൃക കാണിച്ച് നടന്നകന്ന അവരുടെ പിന്നിട്ട് കാലടികള്‍ ഈ തലമുറക്ക് ഒരു വഴികാട്ടിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.
         നട്ടുച്ചക്ക് സൂര്യനസ്തമിച്ച പോലെ യവ്വനത്തില്‍ തന്നെ മരണം പുല്‍കിയ ജിദ്ദയില്‍ അന്തരിച്ച സി.കെ.ഹഫ്സത്തും, ചെറുപുത്തൂരിലെ നദീറ ടീച്ചറും, നൊട്ടത്ത് ആദമാനും മക്കയില്‍ വാഹനാ‍പകടത്തില്‍ മരിച്ച ഹില്‍ടോപ് കലീബകണ്ടി കോട്ട കറുത്തേടത്ത് ജാബിറിന്റെ മകള്‍ ഹിബ എന്ന കൊച്ച് ബാലികയും നാടിന്റെ നൊമ്പരമായി അവശേഷിക്കുന്നു.
      മോങ്ങത്തിന്റെ അഭിമാനം ഉയര്‍ത്തി പല വെക്തികളും വാര്‍ത്തകളില്‍ ഇടം കണ്ടെത്തിയ വര്‍ഷമായിരുന്നു 2011. വിക്ഞാന സമ്പാദനത്തിലൂടെ നാടിന്റെ അഭിമാനമായ ചേങ്ങോടന്‍ ഫാത്തിമാ ദില്‍‌ഷാദ ദേശാഭിമാനി ദിനപത്രം സംസ്ഥാന തലത്തില്‍ നടത്തിയ 20 ലക്ഷം കുട്ടികള്‍ മാറ്റുരച്ച അക്ഷര മുറ്റം ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വാര്‍ത്ത കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയമായ ഒന്നാണ്. ദുബൈ ഭരണാധികാരി മുഹമ്മദ് ബിന്‍ റാഷിദിന്റെ പേരിലുള്ള ലോകസമാധാന അവാര്‍ഡ് കമ്മിറ്റിയില്‍ മോങ്ങം സ്വദേശിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുസലാം മോങ്ങത്തെ ഉള്‍പെടുത്തിയതും, ദീര്‍ഘ കാലം മോങ്ങം അന്‍‌വാറുല്‍ ഇസ്ലാം വനിതാ അറബിക് കോളേജ് പ്രിസിപ്പള്‍ ആയിരുന്ന ഡോക്ടര്‍ സുഹ്‌റാബിക്ക് അറബി ഭാഷക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് “ഗുണ്ടര്‍ട്ട് അവാര്‍ഡ് 2011” നല്‍കി ആദരിച്ചതും മോങ്ങത്തിന് അഭിമാ‍നിക്കാന്‍ വക നല്‍കിയതായിരുന്നു. 
    ചത്തീസ്ഖണ്ഢ്ല്‍ വെച്ച് നടന്ന ഈ വര്‍ഷത്തെ  ദേശീയ സ്കൂള്‍ ഹാന്‍ഡ്ബോള്‍ മത്സരത്തില്‍ കേരള സംസ്ഥാന സ്കൂള്‍ ടീമിനു വേണ്ടി ബൂട്ടണിഞ്ഞ സി.കെ.അസ്‌ഹറ്ദ്ധീനും, പഞ്ചായത്ത് കേരളോത്സവ കായിക മേളയില്‍ ഓട്ട മത്സരത്തില്‍ കഴിവ് തെളിയിച്ച് സംസ്ഥാന തലം വരെ എത്തി ഇപ്പോള്‍ സ്പോര്‍ട്സ് ക്വോട്ടയില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുന്ന ജാബിര്‍ തടപറമ്പും കായിക രംഗത്ത് മോങ്ങത്തിന്റെ  യശസ്സ് വാനോളം ഉയര്‍ത്തിയവരാണ്. 
           കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ബി എസ് സി അപ്ലയ്ഡ് സ്റ്റാറ്റിറ്റിക്സ് പരീക്ഷയില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ ജാബിര്‍ ബങ്കാളത്തും പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും A+ നേടിയ ഫാദി ഷഹിനും ഉനൈസും ജെസ്‌നി മോളും, എസ്.എസ്.എല്‍.സിക്ക് ഉന്നത വിജയം നേടിയ ഹെന്നയും മാജിദയും, കാലികറ്റ് യൂണിവേഴ്സിറ്റി നടത്തിയ എം.എ.പോസ്റ്റ് അഫ്സലുല്‍ ഉലമ പരീക്ഷയില്‍  മൂന്നാം റാങ്ക് നേടിയ മോങ്ങം അന്‍‌വാറും ഇസ്ലാം അറബിക് കോളേജിലെ വിദ്ധ്യാര്‍ത്ഥിനിയും ഒളമതില്‍ സ്വദേശിനിയുമായ സജീറയും,   ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോറിറ്റി എജുകേഷന്‍ (ഐ.എ.എം.ഐ) രാജ്യ വ്യാപകമായി സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഇന്റെര്‍നാഷണല്‍ സ്‌കോളസ്റ്റിക് ടാലന്റ് ടെസ്‌റ്റില്‍ (ഐ.എസ്.ടി.ടി 2010-2011) സംസ്ഥാനത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ ഒന്നാം റാങ്ക് നേടിയ മോങ്ങത്തെ ഇര്‍ഫാന.കെ.പിയും  വിദ്ധ്യാഭ്യാസ രംഗത്ത്  മികവ് കാട്ടിയ നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളാണ്. ഉപജില്ലാ ശാസ്ത്ര മേളയില്‍ തുടര്‍ച്ചയായി ആറാം വര്‍ഷവും ജേതാക്കളായും ഉപജില്ലാ കായിക മേളയില്‍ ഓവറോള്‍ ചമ്പ്യന്മാരായും മോങ്ങം എ.എം.യു.പി സ്കൂളും നാടിന് അഭിമാനമായി
          അന്യന്റെ മുതല്‍ കവര്‍ന്നെടുക്കാന്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്ന ഈ കാലത്ത് കളഞ്ഞ് കിട്ടിയ പണം ഉടമസ്ഥര്‍ക്ക് തിരികെ നല്‍കി മോങ്ങത്തെ ഓട്ടോ ഡ്രൈവര്‍മാരായ വിനിലും കൂനേങ്ങല്‍ ശിഹാബും നാടിനും സമൂഹത്തിനും മാതൃക കാണിച്ചതും ഈ വര്‍ഷം എടുത്ത് പറയേണ്ട സംഭവങ്ങളാണ്. 
            സമൂഹത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ എന്നും നമ്മുടെ നാട് എല്ലാം മറന്ന് ഒന്നിക്കാറുണ്ട്. പറക്കമുറ്റാത്ത കുട്ടികളെയും ഭാര്യയെയും തനിച്ചാക്കി യവ്വനത്തില്‍ തന്നെ മരണത്തിന് കീഴടങ്ങിയ നൊട്ടത്ത് ആദമാന്റെ കുടുംബത്തെ സഹായിക്കാന്‍ രൂപീകരിച്ച കുടുംബ സഹായ ഫണ്ടും, ഇരു വൃക്കകളും തകരാറിലായി ചികിത്സക്ക് വഴിയില്ലാതെ കഷ്ടപെടുന്ന ചെറുപുത്തൂരിലെ ധന്യയെ സഹായിക്കാന്‍ രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിയും, മാനസിക രോഗത്താല്‍ പ്രയാസപെടുന്ന ടൈലര്‍ കൃഷ്ണന്‍ കുട്ടിക്ക് ശ്രമധാനത്താല്‍ നല്ലൊരു വീടൊരുക്കി കൊടുത്ത വിസ്മയ ക്ലബ്ബിന്റെ  പ്രവര്‍ത്തനങ്ങളും, മാറാ രോഗികള്‍ക്കും മരണാസന്നര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന മോങ്ങം യൂണിറ്റി പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനങ്ങളും, നാട്ടിലെ പാവപെട്ട ജനങ്ങള്‍ക്ക് എന്നും ആശ്രയമായ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റിയുടെ റമദാന്‍ ഫണ്ടും മറ്റു പ്രവര്‍ത്തനങ്ങളും, ഗുരുതരാവസ്ഥയില്‍ അസുഖം പിടിപെട്ട് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇപ്പോശും ചികിത്സ തുടരുന്ന മോങ്ങം സി.കെ.അജ്മലിന് മൊറയൂര്‍ വിച്ച്.എച്ച്.എം.എച്ച്.എസ്.എസിലെ സഹപാടികള്‍ സഹായ ധനം എത്തിച്ചതും, വിവിധ സംഘടനകളുടെ ഇതര റിലീഫ് പ്രവര്‍ത്തനങ്ങളും ജീവ കാരുണ്യ രംഗത്ത് കഴിഞ്ഞ വര്‍ഷം കണ്ട ശ്രദ്ധേയ പ്രവര്‍ത്തനങ്ങളാണ്. 
              മഞ്ഞപിത്തം, പകര്‍ച്ച പനി, കാലവര്‍ഷ കെടുതി, ഭൂ ചലനം ടാങ്കര്‍ ലോറി അപകടം തുടങ്ങി ഭീതി പരത്തിയ ചില അശുഭ വാര്‍ത്തകളിലൂടെയും നമ്മുടെ മോങ്ങം കടന്ന് പോയി. 18 മണിക്കൂര്‍ തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതും, തലക്ക് കാന്‍സര്‍ ബാധിച്ച പട്ടിയുടെ പരാക്രമണത്തിനും മോങ്ങം സാക്ഷിയാവേണ്ടി വന്നതും മുന്‍ വര്‍ഷ കാഴ്ച്ചകളിലെ ഏടുകളിലുണ്ട്. മോങ്ങത്തെ രാഷ്ട്രീയ മത സാംസ്‌കാരിക രംഗത്തെ എല്ലാ സംഘടനകളും അവരുടെ പ്രവര്‍ത്തന പരിധിയില്‍ നിന്നുകൊണ്ട് നല്ല പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച വര്‍ഷം കൂടിയാണ് കടന്ന് പോയത്. എന്നാല്‍ മോങ്ങത്തെ പ്രബല രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഗ്രൂപ്പ് കളികളും അന്തര്‍ നാടകങ്ങളും അച്ചടക്ക നടപടിയും ആരോപണ പ്രത്യാരോപണങ്ങളും എല്ലാം പൊതു ജനം നേരില്‍ കണ്ടതും ഇതോടോപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
       അഭിമാനിച്ച് തല ഉയര്‍ത്താന്‍ നൂറുകണക്കിന് സംഭവങ്ങളുണ്ടെങ്കിലും അപമാനത്താല്‍ തല താഴ്ത്തി പിടിക്കേണ്ട ചിലതിനും 2011 സാക്ഷിയാവേണ്ടി വന്നു. അതില്‍ ഏറ്റവും ഗുരുതരമായത് മത സൌഹാര്‍ദ്ധത്തിന് പേരു കേട്ട നമ്മുടെ പ്രദേശത്തിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സാമൂഹ്യ വിരുദ്ധ ശക്തികള്‍ മൊറയൂര്‍ മഹാ ശിവ ക്ഷേത്രത്തിന് തീവെച്ചതും അതിനോടനുബന്ധിച്ച് ഹില്‍ടോപ്പില്‍ നിസ്കാര പള്ളിക്ക് നേരെ ഉണ്ടായ അക്രമവുമാണ്. എന്നാല്‍ വിശയത്തിന്റെ ഗൌരവം ഉള്‍കൊണ്ട് ജാതിയും മതവും നോക്കാതെ അതിനെ എല്ലാ വിഭാഗം ജനങ്ങളും അപലപിച്ചതും നടപടിക്ക് വേണ്ടി ഒന്നിച്ച് പ്രതിഷേധിച്ചതും എടുത്ത് പറയേണ്ട കാര്യമാണ്. നിസാര പ്രശ്നങ്ങളുടെ പേരില്‍ താഴേ മോങ്ങത്തെ ജനങ്ങള്‍ ചേരി തിരിഞ്ഞ് തമ്മിലടിച്ചതും ഒഴിവാകാനാവുമായിരുന്ന സംഭവമായിരുന്നു. 
        മോങ്ങം എ.എം.യു.പി.സ്കൂളില്‍ മുന്‍ ഹെഡ്മിസ്ട്രസ് ദേവകി ടീച്ചര്‍ ഒരു ഭാഗത്തും മാനേജ്മെന്റും പി.ടി.എ യും മറുഭാഗത്തുമായി ഉണ്ടായ ചേരിപോരും ചെളിവാരി എറിയലും നാടിനും സ്കൂളിനും നാണക്കേടായി എന്ന് പറയാതെ വയ്യ. അകത്ത് മാത്രം പുകഞ്ഞ് കൊണ്ടിരുന്ന ആ വിഷയത്തെ  “എന്റെ മോങ്ങം“ പൊതുസമൂഹത്തിന് മുന്നിലേക്ക് തുറന്ന് വിടുകയായിരുന്നു. പറയാന്‍ അല്‍പ്പം പ്രയാസമുണ്ടെങ്കിലും പീഡനങ്ങളുടെ ഈ കാലത്ത് ഏതാനും ചില പീഡന കേസുകളിലും നമ്മുടെ നാടിന്റെ പേരിനെ ചെളി തെറിപ്പിക്കാന്‍ ചിലരൊക്കെ പ്രതിസ്ഥാനത്ത് വന്നു എന്നതും  പറയാതെ വയ്യ. 
        ചില വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ എന്റെ മോങ്ങം ന്യൂസ് ബോക്സിന് ചില ഭാഗങ്ങളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുകളെയും ഭീഷണികളെയും നേരിടേണ്ടി വന്നതും എന്നാല്‍ അതിന്റെ എത്രയോ മടങ്ങ് ജനങ്ങളുടെ പിന്തുണയും പ്രചോദനവും ലഭിച്ചതും 2011 ല്‍ ഞങ്ങളും നേരിട്ടനുഭവിച്ചു, ഇതില്‍ പരാമര്‍ശിച്ചതും അല്ലാത്തതുമായ ഒട്ടനവധി സംഭവങ്ങള്‍ മോങ്ങത്തും പരിസരങ്ങളിലുമായി സംഭവിച്ചിട്ടുണ്ട്. എല്ലാം കൂടി ഈ കാന്‍‌വാസിലേക്ക് ഒതുക്കാന്‍ കഴിയാത്തതിനാല്‍ സമാഗതമായ ഈ വര്‍ഷം നമ്മുടെ നാടിന്റെ നന്മയും പുരോഗതിയും വരും തലമുറക്കൊരു വഴിവിളക്കുമായി നമുക്ക് മാറ്റാമെന്ന ശുഭ പ്രതീക്ഷയോടെ എല്ലാ വായനക്കാര്‍ക്കും എന്റെ മോങ്ങം പിന്നണി പ്രവര്‍ത്തകരുടെ പുതുവത്സരാശംസകള്‍......
   

3 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

ithu vayichappol year book vayicha pole und..karymaaya sambhavangal onnum vidathe cherthittund..ente mongam oru sayahna pathramaayi irakkan shramichu koode?

enthu kondu partykalude perueduthu parayunnilla??

marupadi pratheekshikkunnu

comment cherkkumbol ulla word verification oyivakkiyaal nannayirunnu

This comment has been removed by the author.

Post a Comment