മോങ്ങം ചന്ത ഓര്‍മകള്‍ ചികഞ്ഞെടുക്കുമ്പോള്‍

      വീണ്ടും ഒരു ഇടക്കാലത്തിനു ശേഷം മോങ്ങം കാലി ചന്ത സജീവമാകുമ്പോള്‍ നഷ്ട  കാര്‍ഷിക പ്രതാപത്തിന്റെ ഓര്‍മ്മകളും പേറി ജീവിക്കുന്ന മോങ്ങത്തെ പഴയ മനസ്സുകള്‍ക്ക് ഓര്‍ത്തെടുക്കാന്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടാകും.  മോങ്ങത്തിന്റെ എല്ലാ പുരോഗതിക്ക് മുമ്പിലെയും ചാലക ശക്തിയായി ദീര്‍ഘ വീക്ഷണത്തോടെ കാര്യങ്ങളെ നോക്കി കണ്ട ബങ്കാളത്ത് പോക്കര്‍ഹാജി ഒരു നൂറ്റാണ്ട് മുമ്പ് തുടക്കം കുറിച്ച   മോങ്ങം തിങ്കളാഴ്ച ചന്ത മലപ്പുറം ജില്ലയിലെ അറിയപ്പെടുന്ന ചന്തകളില്‍ ഒന്നായിരുന്നു. 1970 കളുടെ മദ്ധ്യത്തോടു കൂടി മോങ്ങം വാഹന വ്യാപാര രംഗത്തേക്ക് മാറുകയും ആ ഖ്യാതിയില്‍ മോങ്ങം അറിയപ്പെടുകയും  പുതു തലമുറ വാഹന മേഖലയില്‍ ജീവിതോപാധി കണ്ടെത്തുകയും ചെയ്യുന്നതിന് മുമ്പ് കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിഞ്ഞിരുന്ന മോങ്ങത്തിന്റെയും പരിസര പ്രദേശങ്ങളുടെയും ജീവിത വഴിയില്‍ മോങ്ങം ചന്തയ്ക്കു നിര്‍ണ്ണായകമായ സ്ഥാനമാണ് ഉണ്ടായിരുന്നത്. 

              ഒരു ഭാഗത്ത് കാലി ചന്തയും കുറച്ചു മാറി പച്ചകറി ചന്തയും ചന്ത പുരയിലെ ഉണക്കമത്സം, ഇറച്ചി, ചുണ്ണാമ്പ്, വിത്തുകള്‍, കത്തി, പിക്കാസ് കൈക്കോട്ട്, കൊട്ടകള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളും കത്തി മൂര്‍ച്ചം കൂട്ടല്‍,  അടക്കമുള്ള ഇതര കച്ചവടങ്ങളും  തിങ്കളാഴ്ച ദിവസങ്ങളെ മോങ്ങത്തെ ജന തിരക്ക് കൂട്ടിയിരുന്നു. മോങ്ങം കൂടാതെ പരിസര പ്രദേശങ്ങളായ നെടിയിരുപ്പ്‌, ഒഴുകൂര്‍, അരിമ്പ്ര, മൊറയൂര്‍, തൃപ്പനച്ചി, വളമംഗലം, വള്ളുവമ്പ്രം, പുല്ലാര, പൂക്കോട്ടൂര്‍, അറവങ്കര, അത്താണിക്കല്‍  തുടങ്ങിയ ഭാഗങ്ങളില്‍ നിന്നൊക്കെ വരുന്ന  ആളുകളായിരുന്നു കൂടുതലായി മോങ്ങം ചന്തയെ ആശ്രയിച്ചിരുന്നത്. 
   തങ്ങളുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങളില്‍ ദൈനം ദിനാവശ്യനള്‍ക്ക് ഉള്ളത് എടുത്തു മാറ്റി വെച്ചു ബാക്കി കൊണ്ട് വന്നു ചന്തയില്‍ കൊടുത്ത് മറ്റു സാധങ്ങള്‍ വാങ്ങുക എന്ന രീതിയിലായിരുന്നു ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്നത്. അടക്ക ,അണ്ടി , ഈന്ത് , പച്ചക്കറി, പഴം ഇങ്ങിനെ വ്യത്യസ്ത കാര്‍ഷിക വിഭവങ്ങള്‍ കാല ഭേദമനുസരിച്ച് കര്‍ഷകര്‍ കൊണ്ട് വരികയും വീട്ടാവശ്യങ്ങള്‍ക്കുള്ള മറ്റു സാധനങ്ങള്‍ വാങ്ങി പോവുകയും ചെയ്യുന്ന കാഴ്ച ഏതാണ്ട് ഇരു പത്തു വര്ഷം മുന്പ്‌ വരെ മോങ്ങത്തെ സ്ഥിരം കാഴ്ചയായിരുന്നു. അത് കൊണ്ട് തന്നെ തിങ്കളാഴ്ചകളില്‍ മോങ്ങം ഭാഗത്തേക്ക്‌ ഉള്‍ ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകളിലും ജീപ്പുകളിലും അസാമാന്യ തിരക്കും ആയിരുന്നു .
         പച്ചകറി, ഉണക്ക മത്സ്യം, പല വ്യഞ്ജനങ്ങള്‍ , ഇറച്ചി , തുണി , മന്പാത്രങ്ങള്‍ , ഇത്തിള്‍, കാര്‍ഷിക ഉപകരണങ്ങള്‍ ,വിത്തുകള്‍ , തൈകള്‍ , ഒറ്റ മൂലി മരുന്നുകള്‍ തുടങ്ങി എല്ലാം ഒരേ സ്ഥലത്ത് ലഭിക്കുന്ന ആ സംവിധാനം സാമ്പത്തിക അഭിവൃദ്ധിയില്‍ നഷ്‌ടമായ ഒരു കൂട്ടായ്മയാണ്. വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് വരുന്ന ആളുകള്‍ പരസ്പരം കണ്ട് മുട്ടുകയും ആ ലോഹ്യം പിന്നീട് മക്കളുടെ വിവാഹ ബന്ധങ്ങളില്‍ വരെ എത്തിയ ചരിത്രം പഴമക്കാര്‍ക്ക് പറയാനുണ്ട് 
     മോങ്ങം ചന്തയെ ചുറ്റി പറ്റി ജീവിതോപാധി കണ്ടെത്തുന്ന ഒരു പാട് പേര്‍ ഉണ്ടായിരുന്നു. മോങ്ങം ചന്ത യിലെ മാമ എന്ന വൃദ്ധയെ ഇന്നും ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. ചന്ത ദിവസം മോങ്ങത്തെ കച്ചവടക്കാര്‍ക്കും നല്ല കൊയ്ത്തായിരുന്നു. ചന്ത ദിവസം അന്നത്തെ ഏറ്റവും പ്രശസ്തമായ ചെമ്പന്‍ മമ്മത് കാക്കാന്റെ ചായ പീടികയില്‍ നിന്ന്  ഒരു ചായ കിട്ടാനുള്ള  കാലതാമസം  പറഞ്ഞു കേട്ടിട്ടുണ്ട്.  
         ഈ  അടുത്ത കാലം വരെ മോങ്ങത്തെ കച്ചവട സ്ഥാപനങ്ങള്‍  എല്ലാ തിങ്കള്‍ ആഴ്ച യ്ക്കും  പ്രത്യക ഒരുക്കം നടത്താറുണ്ട്‌  എന്നതും അരിമ്പ്ര, ഒഴുകൂര്‍ , വള മംഗലം ഭാഗത്ത്‌ നിന്നും ഇന്നും തിങ്കളാഴ്ച മാത്രം മോങ്ങത്തെക്ക് വരുന്ന ചിലരെങ്കിലും ഉണ്ട് എന്നതും ആ കാലത്തെ  ഇനിയും പാടെ കൈവിടാത്തവര്‍ ഉണ്ട് എന്നതിന്റെ തെളിവാണ്. 
    ചന്ത പുര  വര്‍ഷങ്ങളായി മോങ്ങത്തെ പ്രമുഖ കുടുംബത്തിന്റെ അധീനതയില്‍ ആയിരുന്നു. ഭൂമിയുടെ ക്രമാതീതമായ വിലകയറ്റവും അങ്ങാടിയില്‍ കണ്ണായ സ്ഥലത്ത് തുച്ചമായ ചന്ത വാടകയ്ക്ക് അത് നില നിര്‍ത്താനുള്ള പ്രയാസവും ആയിരിക്കാം ആ സ്ഥലം ഇന്ന് ഷോപ്പിംഗ്‌ കംപ്ലെക്സിനു വഴി മാറി കൊടുത്തത്, അതേ സമയം പഞ്ചായത്തിനു അനുയോജ്യമായ  ഒരു സ്ഥലം കണ്ടെത്തി ചന്ത നില നിര്‍ത്താന്‍ സാധിക്കുമായിരുന്നെങ്കിലും മറ്റെല്ലാ കാര്യങ്ങളില്‍ എന്ന പോലേ ഇതിലും അധികാരികളുടെ ആവശ്യം സാധാരണക്കാരന്റെ ആവശ്യം അല്ലാത്തത് കൊണ്ട് അതുണ്ടായില്ല.
      സ്ഥല പരിമിതി, പുല്ലു വൈക്കോല്‍ എന്നിവ  ലഭ്യമല്ലാതായത്, വൈറ്റ് കോളര്‍ ജോലിയോട് മാത്രം ഉളള  താല്പരം  തുടങ്ങിയവ കാലി വളര്‍ത്തലില്‍ നിന്ന് പുതു സമൂഹത്തെ മാറ്റിയപ്പോള്‍ കാലി ചന്തയുടെ പ്രസക്തി പണ്ടേ നഷ്ടപ്പെട്ടതാണ്. ഇന്ന് കാലി ചന്ത എന്നത് ഇറച്ചി കച്ചവടക്കാര്‍ക്ക് കാലികളെ ലഭ്യമാക്കുന്ന ഒരു  ഷോ-റൂം മാത്രമായി മാറിയതിനാല്‍ കാലി ചന്തയുടെ തിരിച്ചു വരവ് മോങ്ങത്തിന്റെ സാമ്പത്തിക  സാമൂഹിക മേഖലയില്‍ ഒരു മാറ്റവും വരുത്തുകയില്ല എന്നത് കൊണ്ട് തന്നെ നമുക്ക് സന്തോഷിക്കാന്‍ അത് വക നല്‍കുന്നുമില്ല. എങ്കിലും ഒരു കാലത്ത് ഈ നാടിനു വെളിച്ചം നല്‍കി അണഞ്ഞ് പോയ ആ വഴി വിളക്ക് വീണ്ടും കത്തി തുടങ്ങുമ്പോള്‍ പഴയകാല ഓര്‍മകള്‍ ചികഞ്ഞെടുക്കാം ആ മങ്ങിയ വെളിച്ചത്തില്‍.
Repport: Ashraf Salwa & Alavi kutty C.T

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment