സൗഹൃദ് സംഗമം എന്റെ മോങ്ങത്തിന് കരുത്തേകി

        മോങ്ങം: ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകളും വിമര്‍ശനങ്ങളും  ഉപദേശ നിര്‍ദ്ധേശങ്ങളും ആശംസകളും അനുമോദനങ്ങളും സമന്വയിച്ച സൗഹൃദ് സംഗമം “എന്റെ മോങ്ങം” ന്യൂസ് ബോക്സിന്റെ പ്രവര്‍ത്തനത്തിനുള്ള കരുത്തും ജനകീയ പിന്തുണയുമായി. ഇന്നലെ വൈകുന്നേരം മോങ്ങം ഒരുമ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച “എന്റെ മോങ്ങം“   സൗഹൃദ് സംഗമത്തില്‍ രാഷ്ട്രീയ മത സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത് അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു സംഗമത്തില്‍ പങ്കെടുത്ത പലര്‍ക്കും സൈറ്റിന്റെ പേരിനെക്കുറിച്ചായിരുന്നു പറയാനുണ്ടായിരുന്നത്. “എന്റെ മോങ്ങം“ എന്നുള്ളത്  ഹൃദയത്തെ തന്നെ പിടിച്ച് കുലുക്കുന്ന വാക്കാണെന്നും പലരും അഭിപ്രായപ്പെട്ടു. 
  വാര്‍ത്തക്ക് വേണ്ടിയും പ്രസക്തിക്ക് വേണ്ടിയും വാര്‍ത്ത സൃഷ്ടിക്കരുതെന്നും നിങ്ങള്‍ വിമര്‍ശിക്കപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്നുമാണ് അതില്‍ നിന്നും മനസ്സിലാക്കേണ്ടതെന്നും ചരിത്രത്തിന്റെ ഉപമകരുടെ വാക്കുകള്‍ സൗഹൃദ് സംഗമത്തില്‍ പ്രാസഗികര്‍ ഉണര്‍ത്തി. എന്റെ മോങ്ങം ന്യൂസ് ബോക്സ് പ്രവാസികള്‍ സാകൂതം വീക്ഷിക്കുന്നുണ്ടെങ്കിലും നാട്ടിലുള്ള ജനങ്ങളില്‍ വലിയൊരു വിഭാഗം  വിവര സാങ്കേതിക സൌകര്യങ്ങളുടെ അഭാവം കാരണം വേണ്ടത്ര ഗൌരവത്തോടെ കാണുന്നിതാല്‍ ഇതില്‍ പ്രസിദ്ധീകരിക്കുന്ന പ്രധാന വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ മോങ്ങത്ത് ന്യൂസ് ബോര്‍ഡ് സ്ഥാപിക്കണമെന്നും റിപ്പോര്‍ട്ടിങ്ങില്‍ കൂടുതല്‍ സത്യസന്തത പാലിക്കണമെന്നും റിപ്പോര്‍ട്ടിങ്ങിന് കൂടുതല്‍ റിപ്പോര്‍ട്ടര്‍മാരെ നിയമിക്കണമെന്നുമുള്ള ആവശ്യം യോഗത്തില്‍ പലരും ഉയര്‍ത്തി. വീഡിയോ ക്ലിപ്പിടാനും നാട്ടില്‍ നടക്കുന്ന പ്രധാന പരിപാടികള്‍ തത്സമയം സം‌പ്രേക്ഷണം ചെയ്യാനുള്ള സംവിധാനത്തിലേക്ക് എന്റെ മോങ്ങം എത്തണമെന്നും അക്ഷരത്തെറ്റ് കടന്നു കൂടുന്നത് ശ്രദ്ധിക്കണമെന്നും പലരും ആവശ്യപ്പെട്ടു. 
   എന്റെ മോങ്ങം കൊണ്ട് വിഷമം അനുഭവിച്ചവര്‍ക്കും പറയാനുണ്ടായിരുന്നു ചിലതൊക്കെ. ഞങ്ങളുമായി ബന്ദപെട്ട വാര്‍ത്തകള്‍ കണ്ടിട്ട് പ്രാവാസ ലോകത്തു നിന്ന് വിളി വരുമ്പോഴാണ് ഇതിന്റെ വലിപ്പം ഞങ്ങള്‍ മനസ്സിലാക്കുന്നതെന്നും റിപ്പോര്‍ട്ടിങ്ങില്‍ സൂക്ഷ്മത പാലിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നുള്ള ഉപദേശവും വേദിയില്‍ ഉയര്‍ന്നു. പിറന്ന നാടിനെക്കുറിച്ചുള്ള വാര്‍ത്തക്ക് പ്രവാസികള്‍ ഓരോ ദിവസവും എന്റെ മോങ്ങം ന്യൂസിന് വേണ്ടി കാത്തിരിക്കുകയാണെന്നും ന്യൂസിന് കരുത്ത് പകരാന്‍ രാഷ്ട്രീയ മത സാമൂഹിക മേഖലയിലുള്ളവര്‍ ശ്രദ്ധിക്കണമെന്നും യോഗം മൊത്തത്തില്‍ അഭിപ്രായപെട്ടു. ഒരു വാര്‍ത്ത വെളിച്ചം കാണുമ്പോള്‍ അതിനെ വിമര്‍ശിക്കുവാനും അതിനെ പ്രകീര്‍ത്തിക്കുവാനും അതിനെതിരെ പ്രതിഷേധിക്കുവാനും ആളുകളുണ്ടാകും ഇതിന്റെ പേരില്‍ മോങ്ങം ന്യൂസിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകര്‍ തളരരുതെന്നും യോഗം ധൈര്യം പകര്‍ന്നു. 
   ന്യൂസ് ബോക്സിന്റെ സ്ഥിരം വായനക്കാരും മോങ്ങത്തെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന പൊതു പ്രവര്‍ത്തകരുമടക്കം നൂറില്‍ പരം ആളുകള്‍ പങ്കെടുത്ത സൗഹൃദ് സംഗമം എന്റെ മോങ്ങം ചെയര്‍മാന്‍ ബി.ബഷീര്‍ ബാബുവിന്റെ അദ്ധ്യക്ഷതയില്‍  മൊറയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബി.പോക്കര്‍ എന്ന കുഞ്ഞുട്ടി ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.മുഹമ്മദ്, മുന്‍ മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുഹമ്മദ് മദനി, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, പി.ദാസന്‍ , പി.പി.ഹംസ, സി.ഹംസ, ശിഹാബ് കെ.എം എന്നിവര്‍ പ്രസംഗിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് കെ.ടി.മുഹമ്മദ്, നിഷാദ് മാസ്റ്റര്‍, ജാഫര്‍, സുബൈര്‍, ഖാസിം മാസ്റ്റര്‍, ഉസ്മാന്‍ ബങ്കാളത്ത്, സൈത് മുഹമ്മദ്, എം.സി.അബ്ദുറഹ്‌മാന്‍, അഷ്‌റഫ് കൂനേങ്ങല്‍, എന്‍ . പി. ഹമീദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. കെ.യൂസ്ഫലി മോഡറേറ്ററായിരുന്നു. ചീഫ് എഡിറ്റര്‍ സി.ടി.അലവി കുട്ടി ജിദ്ദയില്‍ നിന്ന് ഓണ്‍ലൈനില്‍ യോഗത്തില്‍ ആദ്യാവസാനം പങ്കെടുക്കുകയും ചര്‍ച്ചക്ക് സമാപനം കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. അസോസിയേറ്റ് എഡിറ്റര്‍ ഉമ്മര്‍.സി.കൂനേങ്ങള്‍ സ്വാഗതവും ബ്യൂറോ ചെയര്‍മാന്‍ കെ.എം.ഫൈസല്‍ നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment