മുഹമ്മദ് നബി (സ) ജീവിതത്തിന്റെ പച്ചയും തരിശും കണ്ട പ്രവാചകന്‍ : സമീര്‍ വടുതല

     മോങ്ങം : മുഹമ്മദ് നബി (സ) ജീവിതത്തിന്റെ പച്ചയും തരിശും കണ്ട പ്രവാചകനാണെന്നു പ്രമുഖ പ്രഭാഷകന്‍ സമീര്‍ വടുതല പറഞ്ഞു. ജമാ‍അത്തെ ഇസ്ലാമി കേരള നടത്തുന്ന   മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്ന കാമ്പെയിന്റെ ഭാഗമായി  ചെറുപുത്തൂര്‍ ഘടകം  സംഘടിപ്പിച്ച  പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു കൊണ്ടോട്ടി മസ്ജിദുല്‍ ഇല്‍‌സാനിലെ ഖത്തീബായ അദ്ദേഹം . ഉത്തമ സ്വഭാവഗുണങ്ങളുടെ ഉജ്ജ്വല മാതൃകയായിരുന്നു മുഹമ്മദ് നബിയെന്നും, അതിഥിയെ ആദരിച്ച പ്രവചകന്‍ അഗതികളെ അണച്ചു പിടിക്കാനും പഠിപ്പിച്ചു.  അയല്‍‌വാസികളോട് അവിടുത്തെ ഹൃദയം ഹാര്‍ദ്ദമയി, അനാഥ ബാല്യങ്ങളെ നബി തിരുമേനി ചൂണ്ട വിരല്‍ പോലെ ചേര്‍ത്തു പിടിച്ചു. കറുകറുത്ത ബിലാലിനെ കഅബക്കു മുകളിലെത്തിച്ച പ്രവാചകന്‍ ദുര്‍ബലര്‍ക്ക് താങ്ങും തണലുമായി, നമുക്ക് ജീവിതത്തിലേക്ക് ചേര്‍ത്തു പിടിക്കാന്‍ എത്രയോ പാഠങ്ങള്‍ തിരു നബി (സ) ബാക്കി വെച്ചുവെന്നും സമീര്‍ വടുതല പറഞ്ഞു. 
    തിരുമേനിയുടെ ഓരോ അനുചരന്‍‌മാരും അദ്ദേഹത്തെ അത്യാഘാതമായി സ്നേഹിച്ചു, അവിടുത്തെ വായില്‍ നിന്നുതിര്‍ന്ന ഓരോ മൊഴിമുത്തും അവര്‍ വാരിയെടുത്തു, ദൈവ ദൂതന്റെ കല്‍‌പനക്കൊത്ത് ജീവിതത്തിന്റെ അലകും പിടിയും മാറ്റിപ്പണിതു, ദൈവ ദൂതന്‍ അവര്‍ക്കു മുന്നില്‍ സത്യത്തിന്റെ സാക്ഷിയായി, അവര്‍ ലോകത്തിനു മുമ്പിലും ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും ചോരയും കണ്ണീരും കൊണ്ട്  ഭൂമി നനഞ്ഞുണര്‍ന്നപ്പോള്‍ അള്ളാഹുവിന്റെ ദീന്‍ മനോഹരമായാണ് വെളിച്ചം വിതറി എഴുണേറ്റു നിന്നത്. കാരുണ്യവും നീതിയും എത്രയോ സുന്ദരമായാ‍ണ്  ജനങ്ങള്‍ക്കുമേല്‍ പെയ്തിറങ്ങിയത്. അങ്ങിനെ അള്ളാഹുവും അവന്റെ പ്രവാചകനും അവരുടെ വ്യക്തി വീവിതത്തിലെ കേന്ദ്ര ബിന്ദുവായി. കുടുംബജീവിതത്തിന്റെ അസ്ഥിവാരമായി, രാഷ്ട്രത്തിന്റെ ഭരണഘടനയും ലോകത്തിന്റെ വിജയ പാദയുമായെന്നും സമീര്‍ വടുതല വ്യക്തമാക്കി.
     ഹൃദയയങ്ങളില്‍ നിന്നും  ഹൃദയങ്ങളിലേക്കുള്ള  സ്നേഹ വിരുന്നായിരുന്നു അദ്ദേഹത്തിന്റെ പ്രബോധനം, ബന്ധങ്ങളോരോന്നും ചീഞ്ഞു പോകുന്ന ഈ ഊഷര കാലത്ത് ആ മഹിതമായ മാതൃക തിരുച്ചു പിടിക്കുകയാണ് നമ്മുടെ മാര്‍ഗം . നമ്മെ അതിരറ്റു സ്നേഹിച്ച ദൈവ ദൂതനെ, നമ്മെ കാണാന്‍ കൊതിച്ച പ്രിയ നബിയെ, നമ്മുടെ സ്വര്‍ഗത്തെക്കുറിച്ച് വേവലാതി പൂണ്ട പ്രവാചക സ്രേഷ്ടനെ നമ്മുക്ക് ജീവിതത്തിലേറ്റു വാങ്ങാം അദ്ദേഹത്തെ നമുക്ക്  നെഞ്ചിലേറ്റാം. അതാണല്ലോ പ്രവാചക സ്നേഹം, അതു തന്നെയാണ് നമുക്ക് റബ്ബിലേക്കുള്ള വഴിയും എന്ന പ്രസ്ഥാവനയോടെ സമീര്‍ വടുതല്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment