കണ്‍കുളിര്‍ക്കുന്ന കാഴ്ച്ചകളുമായി മാവും പ്ലാവും പൂത്തുലഞ്ഞു

      മോങ്ങത്തെ ഒരു ചുമട്ട് തൊഴിലാളിയായ ചുണ്ടക്കാടന്‍ മൂസ തമാശയായി ചോദിക്കുന്ന കുറെ ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. അതിലൊന്ന് കേരളത്തിന്റെ മുഖ്യാഹാരം എന്ത്....? ഉത്തരം “ചക്കയും കഞ്ഞിയും“. തമാശ കലര്‍ന്നതാണെങ്കിലും അതിനു പിന്നിലും ഒരു സത്യം ഉണ്ടായിരുന്നു. നമ്മുടെ നാടിന്റെ വിശപ്പടക്കിയ ആ വൃക്ഷങ്ങളൊക്കെ മുറിച്ച് ഇന്ന് നമ്മള്‍ വീടിനു ഉരുപ്പടിയാക്കി. അവയില്‍ അവശേഷിക്കുന്നവ നമുക്കായി വീണ്ടും പൂവിട്ടിരിക്കുന്നു. ഒരു കാലത്ത് നമ്മുടെ നാടിന്റെ സാമ്പത്തിക ഭദ്രതയുടെ സ‌മൃതിയുടെയും അടയാളങ്ങളായിരുന്ന ചക്ക മാങ്ങ കശുവണ്ടി എന്നിവയുടെ സീസണ്‍ ആരംഭിച്ചു. മോങ്ങത്തും പരിസര പ്രദേശങ്ങളിലും പ്ലാവും മാവും കശുമാവു (നാടന്‍ പ്രയോഗത്തില്‍ പിലാവും മൂച്ചിയും പറുങ്കൂച്ചിയും) മെല്ലാം കായ്‌കനികളാല്‍ നിറഞ്ഞു നില്‍ക്കുന്ന കാഴ്ച്ചയാണ് നമുക്ക് കാണുവാന്‍ സാധിക്കുന്നത്. ഈ കാഴ്ച്ച പുതു തലമുറക്കൊരു പുതുമയുള്ള കാഴ്ച്ചയായിക്കൊള്ളണമെന്നില്ല. പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും തൊഴിലില്ലായ്മയുടെയും ദശാബ്ധങ്ങള്‍ക്കപ്പുറത്തെ അവസ്ഥ പഴയ തലമുറക്ക് മറക്കുവാന്‍ സാധിക്കാത്ത ഒന്നാണ്. 
     വയറ് നിറച്ച് ചക്കയും കഞ്ഞിയും കുടിച്ച് മാസങ്ങളോളം ജീവിച്ചിരുന്ന പഴയകാല അനുഭവങ്ങള്‍ ഓര്‍ത്തെടുക്കൂന്നത് ഇപ്പോഴും പഴയ തലമുറക്ക് ഒരു മധുര സ്മരണയാണ്. ചക്കകളില്‍ പ്രധാനമായും രണ്ടിനം ചക്കകളാണ് നമ്മുടെ നാടുകളില്‍ കണ്ടുവരുന്നത് പഴഞ്ചക്കയും വരിക്കച്ചക്കയും . വിശപ്പടക്കുവാന്‍ മാത്രമല്ല ഒരുകാലത്ത് ഒരുപാട് ആളുകള്‍ക്ക് തൊഴിലും വരുമാനവും വന്നിരുന്നത് ഈ സീസണിലാണ്. നമ്മുടെ നാട്ടില്‍ നിന്നും ആയിരക്കണക്കിന് ചക്കകളാണ് ദിവസേന കൊയമ്പത്തൂരിലേക്കും മറ്റും കയറ്റി അയച്ചിരുന്നത്. ഒരു കാലത്ത് മോങ്ങം ഫക്കീര്‍ പാപ്പയുടെ ജാറത്തിങ്ങല്‍ നടന്നിരുന്ന മോങ്ങം നേര്‍ച്ചയിലെ പ്രധാന വിഭവമായിരുന്നു ചക്കയും കഞ്ഞിയും. ഇന്നതെല്ലാം വെറും ഓര്‍മ്മ മത്രമായി അവശേഷിക്കുന്നു. 
    അതുപോലെത്തന്നെ നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ വിവിധയിനം മാങ്ങകളും ലഭ്യമായിരുന്നു അക്കാലങ്ങളില്‍ . കപ്പല്‍ മാങ്ങ, കോമാങ്ങ, നാടന്‍ മാങ്ങ, ഒളൊര്‍ മാങ്ങ, ചുണ്ടന്‍ മാങ്ങ തുടങ്ങിയ ഇനങ്ങള്‍ അതില്‍ പ്രധാനപ്പെട്ടതായിരുന്നു. വൈകുന്നേരങ്ങളില്‍ പഴുത്ത കോമങ്ങ ചെത്തി മുളക് പുരട്ടിയതും കട്ടന്‍ ചായയും മിക്കവീടുകളിലേയും ഒരു പ്രധാന വിഭവമായിരുന്നു. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ പ്രകൃതിദത്തമായ നമ്മുടെ പറമ്പുകളിലുള്ള നാടന്‍ മാങ്ങകളെ കൈവടിഞ്ഞ് നമ്മള്‍ ഇന്ന് രാസ പഥാര്‍ത്ഥങ്ങള്‍ ഇട്ട് പഴുപ്പിച്ച നീലനെയും തിരഞ്ഞ് കടയിലേക്ക് പോകുന്നു എന്നതാണ് സത്യം. 
    എന്നത് വിദ്ധ്യാര്‍ത്ഥികളെല്ലാം അവരുടെ ഒരു വര്‍ഷത്തേക്കുള്ള പഠനാവശ്യങ്ങള്‍ക്കുള്ള പ്രധാന വരുമാനം കണ്ടെത്തിയിരുന്നത് കശുവണ്ടിയുടെ സീസണീലായിരുന്നു. ദൂരദിക്കുകളില്‍ പോയി അണ്ടിത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് ഒരു താല്‍ക്കാലിക ഷെഡ്ഡും നിര്‍മിച്ച് മാസങ്ങളോളം അവിടെത്തന്നെ താമസിച്ച് അണ്ടി ശേഖരണത്തിലൂടെ കുടുംബത്തിലെ വരുമാന മാര്‍ഗം കണ്ടെത്തിയിരുന്ന ഒരു പാട് ആളുകള്‍ പഴയ കാല ഘട്ടങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നതെല്ലാം നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ നിന്നും പുതു തലമുറയുടെ ഓര്‍മയില്‍ നിന്നു തന്നെ അന്ന്യം നിന്നു പോയിരിക്കുന്നു. ചുരുങ്ങിയ കാലം കൊണ്ട് നമ്മുടെ നാടിന് വന്ന മാറ്റങ്ങളും റിയല്‍ എസ്സ്റ്റേറ്റും മറ്റു വികസന പ്രവര്‍ത്തനങ്ങളും വരുത്തിയമാറ്റങ്ങളിലും ഇത്തരം അനുഭവങ്ങളും കാഴ്ച്ചകളും പുതുതലമുറക്ക് ഇനി വെറും കേട്ടുകേള്‍വി മത്രമാകും വരും നാളുകളില്‍.   

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment