എന്റെ മോങ്ങം ന്യൂസ് ബോക്സ് ഒരു മാസം പിന്നിടുന്നു

സി.ടി.അലവി കുട്ടി മോങ്ങം (ചീഫ് എഡിറ്റര്‍ )
  
    മലപ്പൂറം ജില്ലയിലെ മൊങ്ങമെന്ന കൊച്ചു ഗ്രാമത്തിലെ വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെക്കാനായി ഇന്റര്‍നെറ്റില്‍ ആരംഭിച്ച "എന്റെ മോങ്ങം ന്യൂസ് ബോക്സ് " അതിന്റെ പ്രവര്‍ത്തന പാത ഒരു മാസം പിന്നിടുകയാണ്. 2010 ഒക്ടോബര്‍ ഇരുപത്തി മൂന്നിനു 'മോങ്ങത്ത് തീ പാറുന്ന പോരാട്ടമെന്ന' തിരഞ്ഞെടുപ്പ് വാര്‍ത്ത പ്രസിദ്ധീകരിച്ചുകൊണ്ട് തുടക്കം കുറിച്ച ഈ എളിയ സംരംഭം പിന്നീട് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും തുടര്‍ന്ന് നാട്ടിലെ മറ്റ് സമകാലിക സംഭവങ്ങളും വിശേഷങ്ങളും ദു:ഖ വാര്‍ത്തകളും എല്ലാം ജനങ്ങളുടെ മുമ്പിലെത്തിച്ച് ഒരു പുതിയ സംവിധാനത്തിനു തുടക്കമിട്ടിരിക്കുകയാണ്.
               ശൈശവത്തിന്റെ അമ്മിഞ്ഞ പ്രായമായ ഒരു മാസം പിന്നിടുമ്പോള്‍ ഒരു പാടൊന്നും ഞങ്ങള്‍ക്ക് അവകാശപെടാനില്ലങ്കിലും വാര്‍ത്തകള്‍ക്ക് പുറമെ മോങ്ങത്തിന്റെ സര്‍ഗ വാസനകള്‍ പ്രോത്സാഹിപ്പിക്കാനും,മോങ്ങവുമായി ബന്ധപെട്ട ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും,മോങ്ങത്തെ പ്രവാസികളുടെ വിവരങ്ങള്‍ പങ്കുവെക്കാനും കൊച്ചു കൊച്ചു ജാലകങ്ങളെങ്കിലും തുറന്നിടാന്‍ ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. മോങ്ങത്തിന്റെ ഒരു പൊതു സമ്പൂര്‍ണ വെബ് സൈറ്റ് എന്ന ആശയവുമായി ഇറങ്ങി തിരിച്ച ഇതിന്റെ പിന്നണിയിലുള്ളവര്‍ക്ക് സാങ്കേതിക മേഖലയിലെ അറിവുകള്‍ വളരെ പരിമിതമാണ്. പലപ്പോഴും ഇരുട്ടില്‍ തപ്പുന്ന ഞങ്ങള്‍ക്ക് രാജ്യ-ദേശാ അതിര്‍ത്തികള്‍കപ്പുറത്ത് നിന്ന്‍ വെളിച്ചം കാണിച്ച് തരുന്നവരുടെ പ്രേരണയിലും പിന്തുണയിലുമാണ് ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നത്.
        മോങ്ങമെന്ന വളരെ പരിമിതമായ ചട്ടകൂടില്‍ ഇതിനെ ഒതുക്കി നിര്‍ത്തുമ്പോള്‍ അവിടുത്തെ ഓരോ ചലനങ്ങളും നമുക്കു വാര്‍ത്തയാണ്. സംഭവങ്ങളെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ വ്യക്തികളുടെ ഭാവപകര്‍ച്ചകള്‍ ഞങ്ങള്‍ കാര്യമായെടുക്കാറില്ല. എന്നാല്‍ ഒരാളുടെയും വ്യക്തിത്വത്തിനും ഞങ്ങള്‍കാരണം ക്ഷതമേല്‍ക്കരുതെന്നും ഇതിന്റെ പിന്നണിയിലുള്ളവര്‍ക്ക് നിര്‍ബന്ധമുണ്ട്. ഒരു സമ്പൂര്‍ണ്ണ വെബ് സൈറ്റ് എന്ന തലത്തിലേക്ക് എത്താന്‍ കടമ്പകള്‍ ഇനിയുമൊരുപാട് മുന്നിലുണ്ടെങ്കിലും മോങ്ങത്തെ നാട്ടുവര്‍ത്തമാനങ്ങള്‍ പറയുന്നതോടൊപ്പം തന്നെ ഗവണ്‍‌മെന്റ് വെബ് സൈറ്റുകള്‍ , മലയാള പത്രങ്ങള്‍ ,കമ്പ്യൂട്ടര്‍ പഠനസഹായം തുടങ്ങി സുപ്രധാന ലിങ്കുകള്‍ ഉള്‍പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ മോങ്ങത്തിന്റെ ചരിത്രവും നമ്മുടെ നാട്ടില്‍ നിന്നു മണ്‍മറഞ്ഞ മഹത് വ്യക്തിത്വങ്ങളെയും പുതു തലമുറക്കു പരിചയപെടുത്താനും, മോങ്ങത്തെ രക്ത ദാധാക്കളുടെ സമ്പൂര്‍ണ്ണ വിവരങ്ങളും പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടന്ന് വരികയാണ്.
            ഈ ഒരു മാസ കാലത്തെ ചെറിയ കാലയളവില്‍ മാത്രം ആറായിരത്തില്‍ പരം പ്രാവശ്യം നമ്മുടെ നാടിന്റെ ഈ കൊച്ചു സംരംഭത്തെ വെബ് ലോകം തുറന്നു നോക്കിയിട്ടുണ്ട് എന്നതു ഒരു അതിശയിപ്പിക്കുന്ന നേട്ടം തന്നെയാണ്. ഉള്ളംകയ്യില്‍ ഇന്റര്‍നെറ്റുമായി നടക്കുന്ന ആധുനികതയുടെ ഈ യുഗത്തില്‍ മോങ്ങമെന്ന നമ്മുടെ കൊച്ചു ഗ്രമത്തിന്റെ വാര്‍ത്തകള്‍ വെബ് ലോകത്തെത്തിക്കാനുള്ള ഈ പരിശ്രമത്തിന് പിന്നണിയില്‍ ചലിപ്പിക്കുന്നവരും പിന്തുണ നല്‍കുന്നവരും രാജ്യ-ദേശാ അതിര്‍ത്തികള്‍ക്കപ്പുറത്ത് ഒട്ടനവധി പേര്‍ ഉള്ളതിനാല്‍ ആരെയും പേരെടുത്തു പറയുന്നില്ല എങ്കിലും വിശിഷ്യാ നാട്ടില്‍ നിന്നു തത്സമയം തന്നെ വാര്‍ത്തകള്‍ എത്തിക്കുന്ന റിപ്പോര്‍ട്ടര്‍മാര്‍ സാങ്കേതിക സഹായികള്‍ തുടങ്ങി എല്ലാവരോടുമുള്ള കടപ്പാടും നന്ദിയും ഈ വേളയില്‍ അറിയിക്കുകയാണ്.                                                           "എന്റെ മോങ്ങം ന്യൂസ് ബോക്സ്" എന്ന മോങ്ങത്തിന്റെ ഈ പൊതു സൈറ്റിന്റെ മുന്നോട്ടുള്ള ഗമനത്തിനു നിങ്ങള്‍ ഓരോരുത്തരുടെയും പൂര്‍ണ പിന്തുണ പ്രതീക്ഷിച്ച് കൊണ്ട് കക്ഷി രാഷ്ട്രീയത്തിനും ജാതി മത സങ്കുചിതങ്ങള്‍ക്കുമപ്പുറം മോങ്ങം എന്ന നമ്മുടെ നാടിന്റെ ഒരു പൊതു ശബ്ദമായി "എന്റെ മോങ്ങം ന്യൂസ് ബോക്സ്" സജീവമായി നിലകൊള്ളുമെന്നും നിങ്ങള്‍ക്ക് ഉറപ്പ് നല്‍കി കൊണ്ട് ഞങ്ങള്‍ അടുത്ത വാര്‍ത്തക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കട്ടെ.

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment