പുതകങ്ങളുടെ ഈ കൂട്ടുകാരി മോങ്ങത്തിന്റെ അഭിമാനം

കെ‌.ഉസ്‌മാന്‍ ‌ സമദ് സി.കെ.പി
            ഇത് ദില്‍‌ഷാദ ഫാത്തിമ, ഒരു സാധാരണ സര്‍ക്കാര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍ക്കുട്ടി. പതിഞ്ഞ ശബ്ദവുമായി എല്ലാവരോടും സൗമ്യമായി പെരുമാറി ആരവങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്ന അവള്‍ പാഠ്യ പാഠ്യേതര മേഖലകളില്‍ തന്റെ കഠിന പ്രയത്നം കൊണ്ട് ഇന്ന് ഉയരങ്ങള്‍ കീഴടക്കി മോങ്ങമെന്ന നമ്മുടെ നാടിനു ഒരു അഭിമാനമായി മാറുകയാണ്. പ്രാഥമിക വിദ്യാഭ്യാസ കാലം തൊട്ട് തന്നെ മത്സര പരീക്ഷകളില്‍ പങ്കെടുത്ത് ചെറിയ ചെറിയ സമ്മാനങ്ങള്‍ വാങ്ങി തുടങ്ങിയ പുസ്‌തകങ്ങളുടെ ഈ കൂട്ടുകാരി പടി പടിയായി ഉയര്‍ന്ന് ഇന്ന് സംസ്ഥാന തലത്തില്‍ തന്നെ ശ്രദ്ധേയമായ ഒട്ടനവധി ക്വിസ് ഉപന്യാസ മത്സരങ്ങളില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് തന്റെ മികവ് തെളിയിച്ച് കൊണ്ടിരിക്കുന്നു.
           സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കേരളത്തിലെ മുഴുവന്‍ ഹെസ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഏറ്റവും നല്ല വായിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ വിവിധ മത്സരങ്ങളില്‍ താലൂക്ക് ജില്ലാ തലങ്ങളില്‍ ഒന്നാം സ്ഥാനം നേടി എറണാകുളം മഹാരാജാസ് കോളേജില്‍ വെച്ച് നടത്തിയ സംസ്ഥാന തല മത്സരത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത ദില്‍‌ഷാദ ഫാത്തിമ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനവും വായനാ മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
           ഈ വര്‍ഷം ജൂണ്‍ 19 നു വായനാ ദിനത്തോടനുബന്ധിച്ച് സി.എന്‍ പണിക്കര്‍ അനുസ്‌മരണ കമ്മിറ്റിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ മലപ്പുറം ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ദില്‍‌ഷാദ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന തല മത്സരത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
    പരിസ്ഥിതിയും ദുരന്ത നിവാരണവും എന്ന വിശയത്തില്‍ ഡിസാസ്‌റ്റര്‍ മനേജ്മെന്റ് വകുപ്പ് നടത്തിയ ക്വിസ് മത്സരത്തില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന തല മത്സരത്തില്‍ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തു സമ്മാനം വാങ്ങി.
       ഏഴാം തരത്തില്‍ പഠിക്കുമ്പോള്‍ K.A.P.T.U എന്ന അദ്ധ്യാപക സഘടന തൃശൂരില്‍ വെച്ച് നടത്തിയ ക്വിസ് മത്സരത്തില്‍ അന്ന് സംസ്ഥാന ലവലില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു ദില്‍‌ഷാദ ഫാത്തിമ.
       മുജാഹിദ് സ്റ്റുഡന്‍സ് മൂവ്മെന്റ് കോട്ടക്കല്‍ അല്‍ മാസ് ഹോസ്പിറ്റലില്‍ വെച്ച് നടത്തിയ ജനറല്‍ ക്വിസ് മത്സരത്തില്‍ ജില്ലാ‍ തലത്തില്‍ ഒന്നാം സ്ഥാനവും, മലപ്പുറം ജില്ലയിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയെ കണ്ടെത്തുന്നതിനു വേണ്ടി മഠത്തില്‍ മുഹമ്മദ് ഹാജി അനുസ്‌മരണ സമിതി നടത്തിയ മത്സരത്തില്‍ ഒന്നാം സ്ഥാനവും നേടി. 
        2008ല്‍ കാസര്‍കോഡും 2009ല്‍ തൃശുരിലുമാ‍യി നടത്തിയ സയന്‍സ് ഫെയറില്‍ ‌ സയന്‍സ് ഗണിതം സോഷ്യല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരത്തില്‍  തുടര്‍ച്ചയായി രണ്ടാം വര്‍ഷം ജില്ലയെ പ്രതിനിധാനം ചെയ്ത് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയ ദില്‍ഷാദ ഈ വര്‍ഷത്തെ ജില്ലാ ശസ്ത്രമേളയില്‍ അടുത്ത പന്ത്രണ്ടാം തിയ്യതി വണ്ടുരില്‍ മത്സരിക്കുവാന്‍ തയ്യാറെടുക്കുകയാണ്. 
       കേരള വാട്ടര്‍ അതോ‍റിറ്റി എന്‍ജിനിയേര്‍സ് അസോസിയേഷന്‍ സ്റ്റേറ്റ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം നടത്തിയ ക്വിസ് മത്സരത്തിലും ഉപന്യാസ മത്സരത്തിലും ഒന്നാം സമ്മാനം നേടിയ ദില്‍ഷാദക്ക് കോഴിക്കോട് ഗ്രീന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ ജല വിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രനാണ് സമ്മനങ്ങള്‍ നല്‍കിയത്.
          ജയ് ഹിന്ദ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന രണാങ്കണം പ്രോഗ്രാമില്‍ ഇന്ത്യയില്‍ തന്നെ പ്രശസ്തനായ ഗ്രാന്റ്മാസ്റ്റര്‍ ജി.എസ്.പ്രദീപിനൊപ്പം രണ്ട് എപിസോഡുകളിലായി മത്സരത്തില്‍ പങ്കെടുത്ത് അവസാന റൗണ്ട് വരെ എത്തി.
      ദില്‍‌ഷാദയുടെ മത്സരത്തിന്റെയും അവള്‍ വാങ്ങികൂട്ടിയ സമ്മാനങ്ങളിലെയും ചില പ്രശസ്തമായത് മാത്രമാണ് ഇവിടെ പരാമര്‍ശിക്കപെട്ടത്.പ്രാദേശിക തലത്തിലും സബ് ജില്ലാ തലത്തിലും ഒട്ടനവധി മത്സരങ്ങളില്‍ പങ്കെടുത്ത് ഒന്നാം സമ്മാനം നേടിയ ദില്‍ഷാദ സര്‍ക്കാറിന്റെ വിദ്യഭ്യാസ പ്രോത്സാഹനങ്ങളായ എല്‍ എസ് എസ് , യു എസ് എസ് സ്കോളര്‍ഷിപ്പുകള്‍ നാലാം തരം മുതല്‍ തുടര്‍ച്ചയായി കരസ്ഥമാക്കുന്നുണ്ട് .ഈ വര്‍ഷം മലപ്പുറം ജില്ലയില്‍ മൂന്ന് ഉപ ജില്ലകളില്‍ നിന്നായി പങ്കെടുത്ത 45 വിദ്യാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനം നേടിയാണ് യു എസ് എസ് പരീക്ഷ ജയിച്ചത് .മോങ്ങം ദര്‍ശന ക്ലുബ്ബ് നടത്താറുള്ള എല്ലാ സാഹിത്യ മത്സരങ്ങളിലും ക്വിസ്, ഉപന്യാസ വിഭാഗങ്ങളില്‍ ദില്‍ഷാദ സ്ഥിരം വിജയിയാണ് 
            പരന്ന വായനക്കുടമയായ  ദില്‍ഷാദ രാവിലെ അഞ്ച് മണിക്ക് തന്നെ എഴുന്നേറ്റ് വയിക്കാനും, പഠിക്കാനും സമയം കണ്ടെത്തുന്നു. രാവിലെ ഏഴ് മണിക്ക് പത്രം വീട്ടിലെത്തുന്നത് വരെ തുടരുന്ന പഠനം പിന്നെ സ്കൂളില്‍പോകുന്നത് വരെ  പത്രത്തിലായിരിക്കും.മിക്കവാറും എല്ലാ മലയാള പത്രങ്ങളും നോക്കുന്ന ദില്‍‌ഷാദ  മാധ്യമവും പിന്നെ ഇഗ്ലീഷ് പത്രമായ ദി ഹിന്ദു എന്നിവയാണ് പ്രധാനമായും വായിക്കാറ്പത്രങ്ങള്‍ക്ക് പുറമെ വിദ്യാരാജ്യം, യോജന, തളിര്‍, യുറീക്ക, ശാസ്ത്ര കേരളം, ജനപഥം, ഡൈജസ്റ്റ്, തുടങ്ങിയ ആനുകാലികങ്ങളും, കഥ, കവിത, ലേഖനങ്ങ‌‌ള്‍ ‍ മറ്റു പൊതു വിക്ഞാനത്തിനുതകുന്ന പ്രസിദ്ധീകരണങ്ങള്‍എല്ലാം വായിക്കുന്ന ദില്‍ഷാദക്ക് വിവിധ മത്സരങ്ങളില്‍സമ്മാനങ്ങളായി കിട്ടിയ പുസ്തകങ്ങള്‍തന്നെ ഒരു ലൈബ്രറിക്ക് സമാനമായുണ്ട്.
      
           ഇതൊക്കെ കേള്‍‍‌ക്കുമ്പോള്‍‍ ദില്‍ഷാദ വെറും ഒരു പുസ്തകപ്പുഴുവാണെന്ന് ധരിക്കേണ്ട. വായനക്ക് പുറമെ ടിവിയിലെ പഠനാര്‍ഹമായ പാരിപാടികള്‍വീക്ഷിക്കും, നല്ല സിനിമകള്‍ ഉണ്ടെങ്കില്‍കാണും, വീട് തൂത്ത് തുടച്ച് വൃത്തിയാക്കുകയും വീട്ടു ജോലികളില്‍ഉമ്മയെ സഹായിക്കുകയും ചെയ്യും. അടുക്കളത്തോട്ടത്തിലെ ജോലികളൊക്കെ ചെയ്യും, പൂന്തോട്ടം പരിപാലിക്കും ഇതിനൊക്കെ പുറമെ ഞായറാഴ്ച്ചകളില്‍  മഞ്ചേരിയിലെ സയന്‍‍‌‌സ് ഇന്‍സ്റ്റിട്യൂട്ടിലെ കോച്ചിംഗ് ക്ലാസ്സിലും പങ്കെടുക്കും, ഇങ്ങനെ പോകുന്നു  ദില്‍ഷാദയുടെ ജീവിത രീതികള്‍‍. 
         പുല്ലാനൂര്‍ ഗവണ്‍‌മെന്റ് വെക്കേഷണല്‍ ഹെയര്‍ സെകന്ററി സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിനിയായ ദില്‍‌ഷാദ അദ്ധ്യാപക ദമ്പതിമാരായ മോങ്ങം കൂനേങ്ങല്‍ സി.എം.അലി മാസ്റ്ററുടെയും സഫിയ ടീച്ചറുടെയും രണ്ട് മക്കളില്‍ മൂത്തവളാണ്. നാലാം ക്ലാസില്‍ പഠിക്കുന്ന സുല്‍ത്താനാ ഫാത്തിമയാണ് അനുജത്തി. ദില്‍‌ഷാദയുടെ ഓരോ ഉയര്‍ച്ചയിലും പ്രോത്സാഹനങ്ങള്‍ നല്‍കാന്‍ മാതാപിതാക്കള്‍ക്കൊപ്പം വല്ലിപ്പ ചേങ്ങോടന്‍ കുഞ്ഞഹമ്മദാജിയും വല്ലിമ്മ മഠത്തില്‍ ഫാത്തിമ കുട്ടിയും കൂടെ തന്നെയുണ്ട്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment