ചക്കകാലം തുടങ്ങി മോങ്ങത്ത് നിന്ന് ആദ്യ ചക്ക ജിദ്ദയിലെത്തി          ജിദ്ദ: ചക്കയുടെയും മാങ്ങയുടെയും കാലം തുടങ്ങുമ്പോള്‍ നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികള്‍ക്ക് അതെന്നും നൊമ്പരപെടുത്തുന്ന ഒരു സ്വപനമായി മനസ്സില്‍ അവശേഷിക്കുന്നു. പട്ടിണിയുടെയും വറുതിയുടെയും കാലത്ത് നമ്മുടെ നാടിനെ വയര്‍ നിറച്ചൂട്ടിയ ചക്ക എന്ന സര്‍വ്വോപകാരിയും മായരഹിതവുമായ ഭക്ഷണം ഇന്ന് മോങ്ങത്തിന്റെ തീന്‍ മേശയില്‍ അപൂര്‍വ്വമായി മാത്രം കാണുന്ന വിഭവമായി മാറിയിരിക്കുന്നു. കെമിക്കലുകളും രാസവളങ്ങളും കീടനാശിനിയും ഒന്നും ഉപയോഗിക്കാതെ നല്ല വിളവ് തരുന്ന ചക്ക ശരീരത്തിനു ആവിശ്യമായ നാരുകള്‍ അടങ്ങിയ ഒരു ഉത്തമ പോഷകാഹാരം കൂടിയാണന്ന് പുതിയ തലമുറക്കറിവുണ്ടാവില്ല.
               മൂപ്പെത്തുന്നതിനു മുന്‍പ് പറിച്ചെടുക്കുന്ന ഇടിച്ചക്ക മുതരയും കൂട്ടി ഉണ്ടാക്കുന്ന ഉപ്പേരി പരുവത്തിലുള്ള വിഭവം കഴിച്ചവര്‍ക്ക് മറക്കാന്‍ പറ്റാത്ത രുചിയേകുന്ന ഒന്നാണ്. മൂത്ത ചക്കകൊണ്ടുണ്ടാക്കുന്ന തേങ്ങയും ജീരകവും അരച്ച ചക്ക കൂട്ടാനും വാഴയിലയില്‍ വിളമ്പി ചുട്ട മുളക് കൊണ്ടരച്ച ചമന്തി (മോങ്ങം ഭാഷയില്‍ പറഞ്ഞാല്‍ പ്പുമ്മള്) രുചി ഓര്‍ക്കുമ്പോള്‍ തന്നെ നാവില്‍ വെള്ളമൂറും. കുറച്ചുകൂടി കഴിഞ്ഞാല്‍ അതൊന്നു പഴുത്താല്‍ ഇന്നു നമ്മള്‍ കിലോക്ക് നൂറും ഇരുനൂറും കൊടുത്ത് വാങ്ങി കഴികുന്ന ഏതൊരു പഴത്തേക്കാളും ഗുണവും രുചിയും ഉള്ളതാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അതിനു പുറമെ അടുത്തകാലത്തായി ചക്ക പൊരിച്ച് ബേക്കറി വിഭങ്ങളില്‍ ഉള്‍പെട്ടതും ചക്കപുരാണത്തില്‍ പറയേണ്ടത് തന്നെയാണ്.
                      മുന്‍ കാലങ്ങളിലൊന്നും കറിവെക്കാന്‍ ഇന്നത്തെ പോലെ നിത്യവും മീനും ഇറച്ചിയും കോഴിയും ഒന്നും വാങ്ങാന്‍ കഴിയാതിരുന്ന നമ്മുടെ നാട്ടുകാര്‍ക്ക് അന്നത്തെ പ്രധാന കറികളില്‍ ഒന്ന് “പിലാകോഴി” എന്ന ഓമനപേരില്‍ അറിയ പെട്ടിരുന്ന “ചക്കകുരുചാറ്” ആയിരുന്നു. അവശേഷിക്കുന്ന മടലും മറ്റുള്ളതും വീട്ടിലെ കന്നുക്കാലികള്‍ക്കു ഭക്ഷണമാകുകയും ബാക്കി വരുന്ന വിളഞ്ഞില്‍ സൂക്ഷിച്ച് വെച്ച് പെരുന്നാളനും മറ്റും മൈലാഞ്ചി ഡിസൈനിങ്ങിനു ഉരുക്കി ഉപയോഗിക്കുന്നതോടെ ചക്ക സര്‍വ്വോപകാരി എന്ന ഗുണവിശേഷത്തെ നൂറു ശതമാനം അടിവരയിടുന്നു. ചക്ക ക്കൂട്ടാനും കഞ്ഞിയും മോങ്ങം നേര്‍ച്ചയുടെ പ്രധാന അന്നദാന വിഭവമായിരുന്നു എന്നതും, ചക്കയും കഞ്ഞിയും നമ്മുടെ ദേശീയ ഭക്ഷണമാണെന്ന് മോങ്ങത്തെ ഒരു രസികനായ ഒരു ചുമട്ട് തൊഴിലാളി കരാട്ടെ മൂസ പറഞ്ഞതും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതാണ്.           
     ഇപ്പോഴത്തെ കൂട്ടികള്‍ക്ക് ചക്കയെ ഭക്ഷണമെന്ന രീതിയില്‍ പരിചയപെടുത്താതിനു വീട്ടമ്മമാരെയാണ് ഞാന്‍ കുറ്റപെടുത്തുകയെന്നാണ് മോങ്ങത്തെ ആദ്യകാല ചക്ക കച്ചവടക്കാരനായിരുന്ന കോഴിപറമ്പില്‍ കുട്ട്യേലി ഹാജിയുടെ മകന്‍ സൈതലവി മക്ക ഈ വിഷയത്തോടു പ്രതികരിച്ചത്. ഫാസ്റ്റ് ഫുഡിന്റെ ഈ യുഗത്തില്‍ കയ്യിലും കത്തിയിലും വിളഞ്ഞില്‍ ആകുമെന്ന മടിയാണ് ഇപ്പോഴത്തെ സ്ത്രീകള്‍ ചക്കക്ക് അയിത്തം കല്‍പ്പിക്കുന്നതെന്നും ആര്‍ക്കും വേണ്ടാതെ ചക്ക പഴുത്ത് വീണ് ചീഞ്ഞളിഞ്ഞ് കിടക്കുന്ന കാഴ്‌ച്ച ഇന്ന് നാട്ടില്‍ പ്ലാവുകള്‍ക്കടിയില്‍ കാണുന്നതെന്നും സൈതലവി പറഞ്ഞു. 
    മോങ്ങത്തെ പ്രധാന കയറ്റുമതി ഉല്‍പ്പന്നമായിരുന്ന ചക്ക കിഴക്കേതലക്കല്‍ പാങ്ങോട്ട് പള്ളിയാളിയുടെ അടുത്ത് കൂട്ടിയിട്ട് തമിഴ് നാട്ടിലേക്ക് പൊകുന്ന ലോറിയില്‍ കയറ്റി അയച്ചിരുന്നതും ചക്കകാലത്ത് നമ്മുടെ നാടിന്റെ ഒരു പതിവ് കാഴ്‌ച്ചയായിരുന്നു. ആദ്യകാല ചക്ക കച്ചവടക്കാരയിരുന്ന സി.കെ.അഹമ്മദ് കുട്ടി മൊല്ലാക്ക, സി.കെ.മൊയ്‌ദീന്‍ കുട്ടി കുയിലം കുന്ന് തുടങ്ങിയവരൊക്കെ മരണപെടുകയും കോഴിപറമ്പില്‍ കുട്ട്യാലി ഹാജി അസുഖമായി കിടപ്പിലായതും ഈ മേഖലയില്‍ മോങ്ങത്തിന്റെ പ്രധാപം നഷ്‌ടപെടുത്തി.
        ചക്ക കച്ചവടവുമായി ബന്ധപെട്ട് താനും സുഹൃത്ത് കുയിലം കുന്നുമ്മല്‍ സൈതലവിയെയും ഒഴുകൂരില്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍ പെണ്ണ് കാണാന്‍ വന്നവരാണ് എന്ന് തെറ്റിധരിച്ച വീട്ടുകാര്‍ “അവള്‍ കുളിക്കാന്‍ പോയതാണ് നിങ്ങള്‍ കയറി ഇരിക്കൂ” എന്ന് പറഞ്ഞതും ഓര്‍ത്ത് ചിരിക്കുകയാണ് സി.കെ.അഹമ്മദ് കുട്ടി മൊല്ലാക്കയുടെ ഇളയ മകന്‍ ജിദ്ദയില്‍ അലുമിനിയം ഫാബ്രികേഷന്‍ ബിസിനസ് നടത്തുന്ന  അബ്ദുള്‍ കരീം ചെരിക്കക്കാടും സുഹൃത്ത് സൈതലവിയും .
        ചക്കയുമായി ബന്ധപെട്ട് “മോങ്ങത്തുകാരന്‍ കൊയമ്പത്തൂര്‍ക്ക് ചക്ക കയറ്റിയ പോലെ” എന്നൊരു ചൊല്ല് തന്നെയുണ്ട്. വറുതിയുടെ അക്കാലത്ത് കൂലി പണി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ ഉമ്മ മുറ്റത്തെ പ്ലാവില്‍ നിന്നുള്ള ചക്ക കൊണ്ടുള്ള കൂട്ടാനും കഞ്ഞിയും സ്ഥിരമായി വിളമ്പിയപ്പോള്‍ ചക്ക മടുത്ത് ഇനിയും ഈ ചക്ക ഇവിടെ ഉണ്ടായാല്‍ ഉമ്മ ഇതു തന്നെ ഉണ്ടാക്കി തരും എന്ന്‍ മനസ്സിലാക്കിയ യുവാവ് ഒരു ഒഴിവ് ദിവസം പ്ലാവില്‍ കയറി എല്ലാ ചക്കകളും വെട്ടി കയറില്‍ കെട്ടി ഇറക്കി ചക്കക്ക് നല്ല ഡിമാന്റൂള്ള കോയമ്പത്തൂരിലേക്ക് കയറ്റി നല്ല വിലക്ക് വില്‍ക്കുകയും,  ചക്കക്കൂട്ടാന്‍ തിന്നു മടുത്ത അദ്ധേഹംവിറ്റ് കിട്ടിയ കാശുമായി കോയമ്പത്തൂരിലെ ഏറ്റവും മുന്തിയ ഹോട്ടലില്‍ പോയി സ്പെഷല്‍ ഊണിനു ഓര്‍ഡര്‍ ചെയ്യുകയുണ്ടായത്രെ. സപ്ലെയര്‍ ഊണിനുള്ള ഇല വിരിച്ച് വിഭവങ്ങള്‍ ഒന്നായി അതില്‍ നിരത്തിയപ്പോള്‍ നമുടെ നാട്ടുകാരന് കണ്ണു തള്ളി പോയി. സ്‌പെഷല്‍ ഊണിനുള്ള വിഭവങ്ങള്‍ നോക്കുമ്പോള്‍ ചക്ക പൊരിച്ചതും, ചക്കകൊണ്ട് അച്ചാറും, ചക്ക തോരനും, ചക്ക കൂട്ടാനും, ചക്ക ഉപ്പേരിയും, ചക്കക്കുരു പുഴുക്കും, രണ്ട് പഴുത്ത ചക്ക ചുളയും, പഴുത്ത ചക്കകെണ്ടുണ്ടാക്കിയ പായസവും, ചക്ക ചുളകൊണ്ടും കുരു കൊണ്ടും ഉള്ള രണ്ട് തരം കറികളും അടക്കം “തമിഴ്‌നാട്ടിലെ വില കൂടിയ വിഭവങ്ങള്‍ ” നിരത്തിയപ്പോള്‍ രോക്ഷാകുലനായ യുവാവ് ഇനി വല്ലതും കൊണ്ട് വരാനുണ്ടോ എന്നു ചോദിക്കുകയും, “ഇനി സോറ് ഇരിക്കപ്പാ” എന്ന തമിഴന്‍ സപ്ലയറുടെ മറുപടി കേട്ടപ്പോള്‍ “ചോറും ചക്ക കൊണ്ടാണങ്കില്‍ നീ തന്നെ ശാപ്പിട്ടോ” എന്ന് ഉത്തരം പറഞ്ഞതും മോങ്ങവും ചക്കയുമായി ബന്ധപെട്ട് കേള്‍ക്കുന്ന ഒരു കഥയാണ്.        
      നാട്ടില്‍ ആര്‍ക്കും വേണ്ടാതെ നശിച്ച് പോവുകയാണങ്കിലും പ്രവാസി മലയാളികള്‍ക്ക് എന്നും ഒരു കൊതിയൂറുന്ന വിഭവമാണ് ചക്ക. നാട്ടില്‍ അഞ്ചോ പത്തോ രൂപക്ക് വിറ്റ് തമിഴ് നാട്ടിലേക്ക് കയറ്റുന്ന ചക്കക്ക് കിലോക്ക് ഏഴ് റിയാലാണ് ഗള്‍ഫിലെ വില. കഴിഞ്ഞ വര്‍ഷം നമ്മുടെ നാട്ടുകാരുടെ ആസ്ഥാനമായ ശറഫിയ്യ മോങ്ങം ഹൗസില്‍ ഏതാണ്ട് നൂറ് റിയാല്‍ (ആയിരത്തി ഇരുനൂറ് രൂപ) മുടക്കി ഒരു ചക്ക വാങ്ങി തിന്നാണ് ചക്കുംപുറം ഹുസൈന്റെ നേതൃത്വത്തില്‍ ചക്ക കമ്പം തീര്‍ത്തത്.
          നാട്ടില്‍ ഇപ്പോള്‍ ചക്ക സീസണ്‍ ആരംഭിക്കുന്നെള്ളങ്കിലും മോങ്ങത്ത് നിന്നു ഈ വര്‍ഷത്തെ ആദ്യ ചക്ക കഴിഞ്ഞദിവസം ജിദ്ദയില്‍ എത്തി. മോങ്ങം ചെരിക്കകാട് സി.കെ.ജംഷീറാണ് തന്റെ കന്നി ഗള്‍ഫ് യാത്രയില്‍ പിതൃ സഹോദരന്‍ ഹംസയുടെ പുരയിടത്തിലെ തേന്‍ വരിക്ക പ്ലാവില്‍ ആദ്യമായി ഉണ്ടായ ചക്കയുമായി ബന്ധുക്കളക്കും സുഹൃത്തുക്കളക്കും സമ്മാനിക്കാനായി ജിദ്ദയില്‍ വിമാനമിറങ്ങിയത്. ജിദ്ദാ വിമാനത്താവളത്തില്‍ ആദ്യചക്കക്ക് ഊഷ്‌മളമായ സ്വീകരണമാണ് ലഭിച്ചത്. രണ്ട് ദിവസം മുമ്പെത്തിയെങ്കിലും ഇന്നലെ പഴുത്ത് പാകമായപ്പോള്‍ നാട്ടുകാരും സുഹൃത്തുക്കളും ഹംസയുടെ റൂമില്‍ ഒത്ത് കൂടി ചക്ക തിന്നു ഓര്‍മകള്‍ അയവിറക്കി. വള്ളുവമ്പ്രത്തെ മുന്‍ ഫുട്ബോള്‍ താരം അബൂബക്കര്‍ എന്ന കുഞ്ഞിപോക്കര്‍ മാട്ടപറമ്പില്‍ ചക്കമുറിക്കല്‍ കര്‍മ്മം നിര്‍വഹിച്ചു. “എന്റെ മോങ്ങം” ചീഫ് എഡിറ്റര്‍ സി.ടി.അലവികുട്ടി, അബ്ദുള്‍ കരീം ചെരിക്കകാട്, സൈതലവി കുയിലം കുന്ന്, നാസര്‍ നെല്ലിക്കുത്ത്, സി.കെ.യു.അഷ്‌റഫ്, സി.കെ.ബഷീര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment