കുതിച്ചും കിതച്ചും : കളത്തിലും കുളത്തിലും



   ജിദ്ദ: പ്രായ വെത്യാസമില്ലാതെ അവര്‍ കളത്തിലും കുളത്തിലും ഒന്നിച്ചിറങ്ങിയപ്പോള്‍ അത് മോങ്ങത്തെ മൂന്ന് കാലഘട്ടത്തിലെ യുവാക്കളുടെ സംഘമ വേദിയായി. മോങ്ങം ദര്‍ശന ക്ലബ്ബിന്റെ പ്രവാസി വിഭാഗമായ ദര്‍ശന ക്ലബ്ബ് ഗള്‍ഫ് കോ‌-ഡിനേഷന്‍  ജിദ്ദ കമ്മിറ്റി മോങ്ങത്തുകാര്‍ക്കയി സംഘടിപ്പിച്ച സൌഹൃദ ഫുട്ബോള്‍ മത്സര വേദിയിലാണ് പ്രായം മറന്ന് എല്ലാവരും ഒന്നായത്.
     എണ്‍പതുകളില്‍ മോങ്ങം ഫുട്ബോള്‍ കളത്തിലെ മിന്നുന്ന ആവേശങ്ങളായിരുന്ന മോങ്ങത്തിന്റെ കറുത്ത മുത്ത് ചേങ്ങോടന്‍ ഹുമയൂണ്‍ കബീറും, ബി.നാണിയും പ്രവാസത്തിന്റെ നീണ്ട ഇടവേളകള്‍ക്ക് ശേഷം വീണ്ടും ബൂട്ടണിങ്ങപ്പോള്‍ , മോങ്ങത്തിന്റെ എക്കാലത്തെയും ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ ചാലഞ്ചേഴ്‌സ് ക്ലബ്ബിന്റെ വളപ്ര ഗഫൂറും, ഓത്ത്പള്ളി ബാവയും, ദര്‍ശന ക്ലബ്ബ് ടീമിന്റെ താരങ്ങളായ ബാബു, സി.കെ.പി.നാസര്‍ , ഉമ്മര്‍ , അഷ്‌റഫ്, അലവികുട്ടി എന്നിവരടക്കമുള്ള രണ്ടാം തലമുറയും ഒരങ്കത്തിനു തയ്യാറായി കളത്തിലിറങ്ങി. പ്രായത്തിന്റെ കിതപ്പും ഓര്‍മയുടെ കുതിപ്പുമായി ഇറങ്ങിയ ഇവരോടൊപ്പം യവ്വനത്തിന്റെ പ്രസരിപ്പുമായി കാശ്‌മീര്‍ ക്ലബ്ബിന്റെ റഷീദും, ദര്‍ശനയുടെ ഷാജഹാനും, സമദും, അബ്‌ദു റഹ്‌മാനും, സി.എം.സ്.ശിഹാബും, എം.ശിഹാബും, ജാഫറും, അലവി പനപ്പടിയും, സഹീറും, പനപ്പടിയുടെ മെസ്സി സലീല്‍ അഹമ്മദും അടക്കമുള്ള പുതു തലമുറയില്‍ പെട്ടവരും കളത്തില്‍ ഇറങ്ങിയപ്പോള്‍ അത് മോങ്ങത്തെ പ്രവാസി സമൂഹത്തിന് ഒരു നവ്യാനുഭവമായി.

     ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന ത്വത്തവുമായി നാണിയും കബീറും ഗഫൂറും ബാവയും നിറഞ്ഞ് കളിച്ചപ്പോള്‍ പുതു തലമുറയും അത്ര മോശമല്ലാത്ത കളി തന്നെയാണ് പുറത്തെടുത്തത്. ജിദ്ദയിലെ മോങ്ങത്തുകാര്‍ക്കു മാത്രമായി ഒരു ടീം ഉണ്ടാക്കാന്‍ കഴിയുമെന്ന് ഈ കളിയിലൂടെ എനിക്ക് ബോധ്യപെട്ടതായി കബീര്‍ ചേങ്ങോടന്‍ പറഞ്ഞു.
        കളിക്ക് ശേഷം സ്വിമ്മിങ്ങ് പൂളില്‍ ഇറങ്ങി ചാടിയും മറിഞ്ഞും നീന്തി തുടിച്ചും നാട്ടിലെ കുളത്തില്‍ കുളിക്കുന്ന ഓര്‍മകളും അഭ്യാസങ്ങളും പുറത്തെടുത്തു. നീന്തലറിയില്ലങ്കിലും ആദ്യമായി നീന്തല്‍ കുളത്തിലിറങ്ങിയതിന്റെ ആവേശത്തിലായിരുന്നു കുട്ടികളായ ഡാനിഷും, അബിയും, ശാമിലും, ഷഹീനും, കെന്‍സും, റിന്‍ഷയുമെല്ലാം. കളിയും നീന്തലുമായി ക്ഷീണിച്ച താരങ്ങള്‍ക്ക് ഉര്‍ജ്ജം പകരാന്‍ നളപാചക്കാരായ ബി.ബാബുവും, സി.ടി.അലവി കുട്ടിയും നാടന്‍ കപ്പയും മത്തി മുളകിട്ടതും കൂടി ഒരുക്കിയപ്പോള്‍ നാടിന്റെ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളായി പലര്‍ക്കുമത്.

    ജിദ്ദയിലെ ഫലസ്ഥീന്‍ സ്റ്റ്രീറ്റിന്റെ അവസാനത്തില്‍ നിന്നു എക്സ്പ്രസ് ഹൈവേ മറി കടന്ന് ഏതാണ്ട് പത്ത് കിലോമീറ്റര്‍ ഉള്ളോട്ടുള്ള അബൂ മന്‍സൂര്‍ ഇസ്‌തിറാഹയില്‍ കൂടിയവര്‍ക്കൊക്കെ കുറെ കാലത്തിനു ശേഷം ഒന്ന് മെയ്യനങ്ങി കളിച്ചതിനാല്‍ ഉറങ്ങി എണീറ്റാല്‍ ഉണ്ടാകുന്ന കൈകാല്‍ വേദനയുടെ ആശങ്കയുണ്ടങ്കിലും എല്ലാ മാസവും ഒരു വ്യാഴാഴ്ച്ച ഇത് പോലെ ഒത്ത് ചേരണമെന്ന അഭിപ്രായത്തോടെ മനം നിറഞ്ഞ സന്തോഷത്തിലായിരുന്നു അവിടം വിട്ടത്.  കളിയില്‍ പങ്കെടുത്തില്ലങ്കിലും ഹില്‍ടോപ്പ് മുഹമ്മദലി എന്ന ചെറിയാപ്പുവും, അമ്പിളി കുഞ്ഞിമാനും ഫോട്ടോ ഗ്രാഫിയും മറ്റ് സഹായങ്ങളുമായി സജീവമായിരുന്നു.

      ദര്‍ശന ഗള്‍ഫ് കോ‌‌-ഓഡിനേഷന്‍ കമ്മറ്റി സംഘടിപ്പിച്ച ഈ സന്തോഷ സംഗമത്തില്‍ പങ്കെടുക്കാന്‍ ടി.പി.ശാഫിയും, ജമാല്‍ ഉള്ളാടനും മക്കയില്‍ നിന്ന് എത്തിയപ്പോള്‍ സൗദിയിലെ വിവിധ ഭാഗങ്ങളിലും യു.എ.യിലുമുള്ള ദര്‍ശന ക്ലബ്ബ് പ്രവര്‍ത്തകര്‍ ഇതിലെത്താന്‍ കഴിയാത്ത നിരാശകിടയിലും ഫോണിലൂടെ ആശംസകള്‍ നേര്‍ന്നു സംഗമത്തിനു ഊര്‍ജ്ജം പകര്‍ന്നു. 








0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment