അണിഞ്ഞുരുങ്ങി മോങ്ങം റമദാനെ വരവേല്‍ക്കുന്നു

          മോങ്ങം: പുണ്ണ്യങ്ങളുടെ പൂക്കാലമായ പരിശുദ്ധ  റമളാനെ വിപുലമായ ഒരുക്കങ്ങളോടെയാണ് മോങ്ങത്തുകാര്‍ വരവേറ്റത്.  പരിസരങ്ങളെല്ലാം വൃത്തിയാക്കി, അറ്റ കുറ്റ പണികളല്ലാം പൂര്‍ത്തിയാക്കി പുതു മോടി പകരാന്‍ പെയിന്റടിച്ച് മുഖം മിനുക്കി സൌകര്യങ്ങള്‍ വര്‍ദ്ദിപ്പിച്ചു മോങ്ങത്തെയും പരിസരങ്ങളിലെയും മുസ്ലിം പള്ളികള്‍ പരിശുദ്ധ റമദാനിന്റെ ദിന രാത്രങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കാന്‍ സജീകരിച്ചിരിക്കുമ്പോള്‍, നാട്ടിലെ എല്ലാ മുസ്ലിം ഭവനങ്ങളും കഴിഞ്ഞ ഏതാനും ദിവസങ്ങളായി റമദാനെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. നിനച്ച് കുളിയെന്നും നനച്ച് കുളിയെന്നുമൊക്കെ പേരില്‍ നോമ്പിന്റെ രണ്ട് മുന്ന് ദിവസം മുമ്പ് വീടിനകത്തെ എല്ലാ വസ്ത്രങ്ങളും ഫര്‍ണിച്ചറുകളും ബെഡ് ഷീറ്റ് കര്‍ട്ടണുകള്‍ തുടങ്ങി എല്ലാം കഴുകി വൃത്തിയാക്കി ഒരു പുതിയ അഥിതിയെ സ്വീകരിക്കാനെന്ന പോലെ തയ്യാറെടുക്കുകയായിരുന്നു.
  മോങ്ങത്തെ പലചരക്ക്, പഴം പച്ചക്കറിക്കടകളിലെല്ലാം സാധനങ്ങള്‍ പരമാവധി സ്റ്റോക്ക് ‌വര്‍ദ്ദിപ്പിച്ചിട്ടുണ്ട്. മഴ കാലമായതിനാല്‍ പഴകടകളില്‍ കച്ചവടം അല്‍പ്പം തണുപ്പായിരിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നതെങ്കിലും വിവിധ പഴ വര്‍ഗങ്ങളുമായി കടകള്‍ അണിഞ്ഞൊരുങ്ങിയിരിക്കുന്നു.  പ്രധാന ഭക്ഷണ വിഭവമായ “നൈസ് പത്തിരി”ക്ക് വേണ്ടിയുള്ള അരിയും കൂടാതെ മുളക്, മല്ലി,  തുടങ്ങിയ മസാല വിഭവങ്ങളും പൊടിച്ചെടുക്കാന്‍ വേണ്ടി ധാന്യ മില്ലുകളില്‍ കഴിഞ്ഞ ഒരാഴ്ചായായി വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. മില്ലുകളിലെ നീണ്ട് ക്യൂവും മഴക്കാലമായതിനാല്‍ ധാന്യങ്ങള്‍ ഉണക്കി എടുക്കാനുള്ള പ്രയാസവും മൂലം ചില വീട്ടുകാരൊക്കെ പൊടികള്‍ മൊത്തമായി വാങ്ങി കൊണ്ട് വരുന്ന സാഹചര്യവും ഇന്നുണ്ട്.
     വിവിധ മുസ്ലിം സംഘടനകള്‍ പല തരം പരിപാടികളാണ് ഈ റമളാ‍ന്‍ മാസത്തില്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. എസ് എസ് എഫിന്റെ  പഠന ക്ലാസ്സ്, എസ് കെ എസ് എഫിന്റെ ത്രി ദിന മത പ്രഭാഷണം, എം എസ് എമിന്റെ ഖുര്‍‌ആന്‍ പരീക്ഷ  ഇങ്ങിനെ നീളുന്ന  പരിപാടികള്‍. മോങ്ങം വലിയ ജുമുഅത്ത് പള്ളിയില്‍ ആരാധനകള്‍ക്കും മറ്റു റമദാന്‍ ഉല്‍ഭോദന പരിപാടികള്‍ക്കും മഹല്ല് ഖാദി മുദരിസ്സ് കെ.അഹമ്മദ് കുട്ടി ബാഖവിയും മസ്ജിദുല്‍ അമാനില്‍ പി.പി.കുഞ്ഞാപ്പു മുസ്ലിയാരും, നേതൃത്വം നല്‍കുമ്പോള്‍ ഉമ്മുല്‍ ഖുറാ മസ്ജിദിലെ ഖത്തീബ് മുദരിസ് ഇബ്രാഹിം സഖാഫി കോട്ടൂര്‍ വിദേശ സന്ദര്‍ശനത്തിലായതിനാല്‍ അലവി അഹ്സനിയാണ് നേതൃത്വം നല്‍കുന്നത്. ഈ മാസം എട്ടിന് നാട്ടിലേക്ക് മടങ്ങുമെന്ന് ഇപ്പോള്‍ ദുബായിലുള്ള ഇബ്രാഹിം സഖാഫി കോട്ടൂര്‍ “എന്റെ മോങ്ങം“ ന്യൂസ് ബോക്സിനെ അറിയിച്ചു. 
    നാട്ടിലെ പുതുതായി കല്ല്യാണം കഴിഞ്ഞ വീടുകളിലെല്ലാം നോമ്പ് സല്‍ക്കാരത്തിനുള്ള തയ്യാറെടുപ്പിലാണ്. കൂടാതെ വിവിധ സംഘടനകളും പ്രാദേശിക കൂട്ടായ്മകളും സമൂഹ ഇഫ്താര്‍ ഒരുക്കാനുള്ള ശ്രമത്തിലാണ്. ചെരിക്കക്കാട് പനപ്പടി ഭാഗങ്ങളില്‍ വര്‍ഷങ്ങളായി വിജയകരമായി നടത്തുന്ന സമൂഹ നോമ്പ് തുറ ആ പ്രദേശങ്ങളിലുള്ളവരുടെ ഐക്യം വിളിച്ചോതുന്ന ഒന്നാണ്. മോങ്ങം യൂണിറ്റ് മുസ്ലിം യൂത്ത് ലീഗ് വര്‍ഷങ്ങളായി നടത്തി വരുന്ന സമൂഹ നോമ്പ് തുറ കക്ഷി രാഷ്ട്രീയത്തിനപ്പുറം നാടിന്റെ ഐക്യം ഊട്ടി ഉറപ്പിക്കുന്ന ഒന്നാണ്.
     മുസ്ലിം സംഘടനകളും പാര്‍ട്ടികളും റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കുന്നുണ്ട്. മോങ്ങം ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയും വട്ടോളിമുക്ക് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയും ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്ത് ഈ മേഖലയില്‍ സ്തുദ്ധ്യര്‍ഹമായ പ്രവര്‍ത്തനമാണ് കാഴ്ച്ച വെക്കുന്നത്. മറുനാട്ടിലെ മോങ്ങത്ത്ക്കാരുടെ സംഗമ വേദിയായ ജിദ്ദ മോങ്ങം മഹല്ല് റിലീഫ് കമ്മിറ്റി നാട്ടിലെ പാവപെട്ടവര്‍ക്കും അഗതികള്‍ക്കും അനാഥകള്‍ക്കും വേണ്ടി റമദാനില്‍ സ്വരൂപിച്ച് വിതരണം ചെയ്യുന്ന റമദാന്‍ സ്പെഷല്‍ റിലീഫ് ഫണ്ട് പട്ടിണി പാവങ്ങള്‍ എന്നും പ്രതീക്ഷയോടെ കണ്ണും നട്ട് കാത്തിരിക്കുന്ന ഒന്നാണ്. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment