മോങ്ങത്തിന്റെ വാഹന പുരാണം


             വണ്ടിക്കച്ചവടത്തിന്റെ പ്രതാപം മോങ്ങത്തുകാര്‍ക്ക്‌ ഇന്ന്‌ ഒരോര്‍മ മാത്രമാണ്‌. പക്ഷേ പുറം നാട്ടുകാര്‍ ഇന്നും മോങ്ങത്തെ ഓര്‍മിക്കുന്നത്‌ പഴയ കാല പ്രതാപത്തിന്റെ പേരിലാണെന്നു മാത്രം. ഒരിക്കല്‍ ഇന്ത്യയിലേറ്റവും കൂടുതല്‍ മഹീന്ദ്ര ജീപ്പുകള്‍ വിറ്റഴിഞ്ഞ സ്ഥലം ഇവിടെയാണെന്ന്‌ മോങ്ങം സന്ദര്‍ശിക്കുന്നവര്‍ക്ക്‌ പറഞ്ഞാലും ബോധ്യപ്പെടാത്ത സത്യമായി അവശേഷിക്കുന്നു. മലപ്പുറത്ത്‌ നിന്നും 14 കിലോമീറ്റര്‍ അകലെ കിടക്കുന്ന മോങ്ങം ഒരു പഞ്ചായത്ത്‌ ആസ്ഥാനം പോലുമല്ല. മൊറയൂര്‍ പഞ്ചായത്തിലെ അഞ്ച്‌ ,ആറ്‌ വാര്‍ഡുകളിലായി കിടക്കുന്ന ഈ കൊച്ചുസ്ഥലത്തിന്റെ വാഹന പുരാണം ഇന്ന്‌ പ്രസിദ്ധമാണ്‌. എണ്ണമറ്റ വാഹനങ്ങള്‍ ഓടിമറയുമ്പോയും മോങ്ങത്തെ റോഡിനിരുവശവും പാടങ്ങളില്‍ ഇന്നും പച്ചക്കറി വിളയുന്നു. 
     വില്‍പന നികുതിയിലെ വിത്യാസം മുന്നില്‍ കണ്ടാണ്‌ മോങ്ങത്തെ ചിലര്‍ ജീപ്പ്‌ കച്ചവടത്തിനു തുടക്കമിട്ടത്‌. ജില്ലയില്‍ ഗള്‍ഫ്‌ പണം ഒഴുകിയെത്തിയ കാലത്ത്‌ പണവുമായി കാത്ത്‌ നിന്ന്‌ വലിയിരു വിഭാഗം ജനങ്ങള്‍ക്ക്‌ ബുക്ക്‌ ചെയ്താലും വാഹങ്ങള്‍ വാങ്ങാന്‍ കിട്ടാത്ത അവസ്ഥയുണ്ടായിരുന്നു.ഇന്നത്തെ പോലെ നാടിന്റെ എല്ലാ സ്ഥലത്തും വാഹന കമ്പനിക്കാര്‍ക്ക്‌ ഡീലര്‍മാരുമില്ല. അത്തരകാര്‍ക്ക്‌ ബോംബെയില്‍ നിന്നും പോണ്ടിച്ചേരിയില്‍ നിന്നും വാഹനം എത്തിച്ച്‌ കൊടുത്താല്‍ വേണ്ടത്ര കമ്മീഷന്‍ കിട്ടുമെന്നായതോടെ ഡീലര്‍മാരുടെ എണ്ണം കൂടി.        
          മോങ്ങം ജീപ്പ്‌ കച്ചവടം വേര്‌ പിടിക്കുന്നത്‌ 1970 കളുടെ തുടക്കത്തിലാണ്‌. അടുത്ത പത്ത്‌ വര്‍ഷം കൊണ്ട്‌ ഈ രംഗത്ത്‌ വലിയൊരു തള്ളിക്കയറ്റം തന്നെയുണ്ടയി.. ലാഭകരമായ ബിസിനസിലേക്ക്‌ കൂടുതല്‍ പേര്‍ ഓടിയെത്തുന്ന മലപ്പുറം ശൈലി മോങ്ങത്തും പ്രകടമായെന്ന്‌ നാട്ടുകാര്‍ ഇതേ പറ്റി പറയുന്നത്‌. എണ്‍പതുകളായിരുന്നു വണ്ടിക്കച്ചവടം കത്തിനിന്ന കാലം. മലപ്പൂറം ജില്ലയില്‍ നിന്നു മാത്രമല്ല, സമീപ ജില്ലകളില്‍ നിന്നു പോലും ജീപ്പു വാങ്ങാന്‍ ആളുകള്‍ മോങ്ങത്തെത്തി. കുരുമുളകില്‍ നിന്നുള്ള വരുമാനം കണക്കറ്റതായപ്പോള്‍ വാഹനം വാങ്ങല്‍ വയനാട്ടുകാരുടെ സ്ഥിരം ശൈലി ആയിരുന്നു. ഒരിക്കല്‍ പണവുമായി വന്നപ്പോള്‍ ഡീലറെ കാണാനില്ല. അന്വേഷിച്ചപ്പോള്‍ സിനിമാ തീയേറ്ററിലാണെന്നറിഞ്ഞു. നേരെ തീയേറ്ററില്‍ ചെന്ന്‌ ഡീലറെ പൊക്കി.പിന്നീട്‌ വാഹനവുമായാണ്‌ വയനാട്ടുകാരന്‍ മടങ്ങിയതത്രെ. ബോംബെയില്‍ നിന്നും കൊണ്ട്‌ വരുന്ന വാഹനങ്ങള്‍ ഒന്നു വൃത്തിയാക്കാന്‍ പോലും സമയം കിട്ടാറില്ല. അതിനകം ആവശ്യക്കാര്‍ സ്ഥലം കാലിയാക്കിയിരിക്കും.
        വര്‍ദ്ധിച്ചു വരുന്ന കച്ചവടം മനസ്സിലാക്കി മഹീന്ദ്രജീപ്പുകള്‍ക്ക്‌ ജില്ലയില്‍ അഞ്ച്‌ വര്‍ഷം മുമ്പ്‌ ഔദ്യോഗിക ഡീലര്‍ എത്തിയതോടെയാണ്‌ മോങ്ങത്തെ ബിസിനസിനു നേരിയ തിരിച്ചടി ഏല്‍ക്കുന്നത്‌. മുപ്പത്‌ കൊല്ലം കൊണ്ട്‌ ഈ രംഗത്ത്‌ ചുവടുറപ്പിച്ചവര്‍ ആയിരക്കണക്കിലേറെ വരും. ബിസിനസ്‌ തണുത്തെങ്കിലും ഏതെങ്കിലുമൊരു രീതിയില്‍ അവരൊക്കെ ഇന്നും ഈ രംഗത്ത്‌ പിടിച്ചു നില്‍ക്കുന്നു. പണ്ട്‌ ദിവസവും പത്ത്‌ കാറെങ്കിലും വിലപന നടതിയിരുന്ന മോങ്ങത്ത്‌ നിന്നും ഇപ്പോള്‍ ആഴ്ചയിലൊരിക്കല്‍ ഒരു കാര്‍ പോലും വില്‍പന നടക്കുന്നില്ലെന്നാണ്‌ ഡീലര്‍മാര്‍ പറയുന്നത്.എങ്കിലും ഇന്ത്യയില്‍ എവിടെയെങ്കിലും പുതിയൊരു മോഡല്‍ കാറോ ജീപ്പോ മാര്‍കറ്റിലിറങ്ങുന്നുണ്ടെങ്കില്‍ അതിലൊന്ന്‌ ഇന്നുമാദ്യം മോങ്ങത്തെ നിരത്തിലുണ്ടാകുമെന്ന്‌ ഉറപ്പാണ്‌. 
      മലയാള മനോരമ സ്പെഷ്യല്‍ സപ്ലിമന്റ്‌ (മലപ്പുറം പെരുമ) യില്‍ വന്ന (2000
ഒക്ടോബര്‍ 6) എന്‍.വി കൃഷ്ണദാസ്‌ എഴുതിയ ലേഖനം. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment