മോങ്ങം ഫുട്ബോള്‍: ഓര്‍മകളിലെ ആ നല്ല കാലം

     എന്റെ മോങ്ങം ന്യൂസ് ബോക്സില്‍ കഴിഞ്ഞ ദിവസം ബി.കുഞ്ഞുവിന്റെ ഫുട്ബോള്‍ അനുഭവ ക്കുറിപ്പുകള്‍ വായിക്കുവാനിടയാ‍യി. മോങ്ങത്തെ ആദ്യകാല ഫുട്ബോള്‍ കളിക്കാരനും സ്പോര്‍ട്സ് പ്രേമിയുമായ കുഞ്ഞു മോങ്ങത്തെ ഫുട്ബോള്‍ ചരിത്രത്തെ കുറിച്ച് ഒരുപാട് സംഭവങ്ങള്‍ അതിനകത്ത് പറഞ്ഞെങ്കിലും ചിലതൊക്കെ അറിയാതെ വിട്ടു പോയതായി തോന്നുന്നു എന്നതിനാലാണ് ഈ കുറിപ്പെഴുതുന്നത്. മോങ്ങത്തിന്റെ എക്കാലത്തെയും ഫുട്ബോള്‍ പ്ലെയര്‍മാരില്‍ ഏറ്റവും കണ്ണിങ്ങുള്ള ഫോര്‍വേര്‍ഡും ടോപ്പ് സ്കോററുമായിരുന്നു ചേങ്ങോടന്‍ കബീര്‍. എന്നാല്‍ കബീറിന്റെ വലം കയ്യായി ഏറ്റവും നല്ല വേഗത കൂടിയ ഫോര്‍വേര്‍ഡ് പ്ലെയര്‍ ഇ.കെ മുഹമ്മദ് (കുഞ്ഞാലസ്സന്‍ കാക്കാന്റെ മുഹമ്മദ്) ഇടം കയ്യായി ആരെയും ഫൌള്‍ ചെയ്യാത്ത  നിന്നിരുന്ന ക്ലാസിക് ഫുട്ബോളറെന്നറിയപ്പെട്ട ദുര്‍ഗ ബീരാനെന്ന സി.കെ.ബീരാനെയും അതു പോലെത്തന്നെ മോങ്ങത്തുകാരനല്ലെങ്കിലും നിരവധി കാലം മോങ്ങം  ഫുട്ബോളിന്റെ ഏറ്റവും നല്ല സ്റ്റോപ്പര്‍ ബാക്കായിരുന്ന ഉരുക്ക് മതില്‍ പാപ്പിനിപ്പാറ ഇബ്‌റാഹിമിനേയും നമ്മള്‍ മറക്കുവാനൊക്കുമോ..? 
   മോങ്ങത്തിന്റെ ഫുട്ബോളില്‍ ആദ്യകാലഘട്ടം കുഞ്ഞുവും സി.കെ ഡ്രൈവര്‍ മുഹമ്മദാജി എന്നിവരടക്കമുള്ളവരുടെ കാലഘട്ടമായിരുന്നെങ്കില്‍ അതിനു തൊട്ടു പിറകിലത്തെ ടീമില്  മോങ്ങത്ത് നല്ലൊരു ടീം രൂപീകരിച്ച് മുന്നോട്ടു പോകുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ആളായിരുന്നു പരേതനായ പൂഴിക്കോടന്‍ മൊയ്തീന്‍ കുട്ടിയെന്ന ബാപ്പു. എന്റെ ജേഷ്ടന്‍ കൂടിയായ അദ്ധേഹമാണ് മോങ്ങത്ത് ആദ്യമായി ബൂട്ടണിഞ്ഞ് ഗ്രൌണ്ടിലിറങ്ങിയ കളിക്കാരന്‍ . ടീമിനെ കോഡിനേറ്റ് ചെയ്തു കൊണ്ടുനടക്കുന്നതില്‍ തല്‍‌പരനായ ബാപ്പു ഏറ്റവും മികച്ച ഒരു റഫറികൂടിയായിരുന്നു. അതുപോലത്തന്നെ പരേതനായ തോപ്പില്‍ മൊയ്തുപ്പ, തൊണ്ടിപ്പുറത്ത്  ബി.അലവി, ഹംസമാസ്റ്റര്‍, ഉണ്ണിമോയീന്‍ തുടങ്ങിയ കളിക്കാരും അക്കാലത്ത് മോങ്ങത്തേക്ക് നമ്മള്‍ കോണ്ട്‌ വരാറുള്ള ഗോളി കൊട്ടപ്പുറം ജമാലിനെയും നമ്മള്‍ സ്മരിക്കേണ്ടതാണ്.  കളികളത്തിനു പുറത്തു നിന്ന് മോങ്ങം ഫുട്ബോളിന് ഏറ്റവും നല്ല പ്രചോദനം നല്‍കിയ മഠത്തില്‍ അലവിക്കുട്ടിഹാജിയേയും ചാപ്പാന്‍ വാപ്പുവിനെയും ബാപ്പുട്ടിക്കയെയും അവിടെ സ്മരിച്ചത് വളരെ നന്നായി. അതോടൊപ്പം തന്നെ കൂട്ടി പറയേണ്ടതാണ് ഒരു കളി ക്കമ്പക്കാരനും  കാണിയുമായ ഹില്‍ടോപ്പിലെ സി.കെ.കുഞ്ഞീരായിന്‍ കാക്ക. 
   "ആലുവ ലക്കി സ്റ്റാര്‍" വിഷയത്തില്‍ അവര്‍ ബാന്റടിക്കാരായിരുന്നു എന്നുള്ള പരാമര്‍ശം ശരിയല്ല. അവര്‍ നല്ല കളിക്കാരായിരുന്നെന്നു അവരുടെ കളി നേരില്‍ കണ്ട ആര്‍ക്കും മനസ്സിലാകും  പക്ഷെ കളി തുടങ്ങിയതിന്നു ശേഷം എത്തിയ ഒരു ടീമിന് ഗ്രൌണ്ടുമായി പരിചയപ്പെടാന്‍ കഴിയാത്തതും ടീമിന്റെ ഏകോപനമില്ലായ്മയുമാണ് അന്നത്തെ ആ വന്‍ പരാജയത്തിന്റെ പ്രധാന കാരണം.  മാത്രമല്ല എതിര്‍ ടീമാകട്ടെ അന്നത്തെ കേരള ടീം താരങ്ങളായ റഹ്മത്തുള്ളയും സലീമും ഉബൈദുള്ളയും ഒക്കെ അടങ്ങുന്ന വന്‍ താരങ്ങളുമായിറങ്ങിയ അരീക്കോടിന്റെ ഫുള്‍ ടീമായിരുന്നു അരിമ്പ്രക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയിരുന്നത്. 
   പഴയ കാല അനുഭവങ്ങള്‍ കുഞ്ഞുകാക്ക അയവിറക്കിയപ്പോള്‍ മനസ്സ് പഴയകല മോങ്ങത്തേക്ക് തിരിച്ചു പോയപോലെ തോന്നി. ഇന്ന് മോങ്ങത്തിന് നല്ല ഒരു ഗ്രൌണ്ടും നല്ലൊരു ടീമും ഇല്ലാത്തതിന്ന് ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കുമാണെന്നതില്‍‍ സംശയമില്ല. മുണ്ടപ്പലത്ത് മൂന്ന് ഗോളിന് പിന്നിട്ടു നിന്ന ടീമിനെ കളിയുടെ അവസാന മിനുട്ടുകളില്‍ ചടുലമായ നീക്കത്തിലൂടെ ഹാട്രിക് നേടി ടീമിന് സമനില വാങ്ങി തന്ന ഒരു “മൊട്ട തലയന്‍ “ ഉണ്ടായിരുന്നു. ഇ.കെ.മുഹമ്മദെന്ന സൂപ്പര്‍ ഫാസ്റ്റ് കളിക്കാരന്റെ ഏക്കാലത്തെയും ശ്രദ്ധേയമായ പെര്‍ഫോമെന്‍സായിരുന്നു ആ ഹാട്രിക്. മോങ്ങം ഫുട്ബോളിനെ സ്മരിക്കുമ്പോള്‍ മരിച്ചു പോയ സി.കെ ശുക്കൂറിനെ നമുക്കൊരിക്കലും മറക്കാനാവില്ല. അവന്റെ അനുജനും ഇപ്പോഴത്തെ മികച്ച കളിക്കാരനുമായ സി.കെ.വഹീബാണ് പഴയ കാല ഫുട്ബോള്‍ പ്ലെയര്‍ ചേങ്ങോടന്‍ കബീറിനോട് ഉപമിക്കാവുന്ന രീതിയിലുള്ള ചടുലതയുള്ള ഒരു കളിക്കാരന്‍ എന്ന് രണ്ട് കാലത്തെ കളികളും കണ്ട ഒരാള്‍ എന്ന നിലക്ക് എന്റെ അഭിപ്രയം. ഓത്തു പള്ളി ആലിഹസ്സാന്‍ക്കയുടെ മകന്‍ ഷബീബിനെയും കുഞ്ഞുകാക്കയുടെ നാണിയുടെ രണ്ടാമത്തെ മകന്‍ അനസ് മോനെയും നല്ല രീതിയില്‍ ഉപയോഗപെടുത്തിയാല്‍ മോങ്ങത്തിന് പ്രതീക്ഷ നല്‍കുന്ന കളിക്കാരാണ് എന്നാണെന്റെ അഭിപ്രായം. 

1 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

everybody forgot Mr. AVARAN KUTTY MASTER WHO WAS ONE OF THE PILLAR OF THE MONGAM FOOD BALL TEAM

Post a Comment