പൂക്കോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയുമ്മ രാജി വെച്ചു

     വള്ളുവമ്പ്രം: പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വേട്ടശ്ശേരി മറിയുമ്മ രാജി വെച്ചു. പഞ്ചായത്തിലെ പുരുഷ അംഗങ്ങളുടെ പെരുമാറ്റത്തില്‍ മനം മടുത്താണ് രാജി വെക്കുന്നതെന്ന് മറിയുമ്മ പറഞ്ഞു. മൂന്നു തവണയായി പതിനൊന്നര വര്‍ഷം ലീഗ് അംഗമായി മത്സരിച്ച് ജയിച്ച മറിയുമ്മ കഴിഞ്ഞ ഭരണസിമതിയില്‍ ഒരു വര്‍ഷം പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ചിരുന്നു.  പൂക്കോട്ടൂര്‍ പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് കൂടിയായ മറിയുമ്മ കമ്മിറ്റി ഭാരവാഹിത്വവും പഞ്ചായത്ത് അംഗത്വവും  ഉള്‍പെടെയാണ് രാജി വെച്ചത്. രാജിക്കത്ത് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയതായി മറിയുമ്മ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 
   പ്രവര്‍ത്തന സ്വാതന്ത്ര്യം വിലക്കാനുള്ള പാര്‍ടി തീരുമാനത്തെത്തുടര്‍ന്നാണ് രാജിയെന്നും വനിതാ അംഗമായതിനാല്‍ ഭരണസമിതിയില്‍ അവഗണനയും അവഹേളനവും നേരിടുകയാണ്. പുരുഷമേധാവിത്വം ഏറെ സഹിച്ചുവെന്നും  പഞ്ചായത്ത് അംഗമായ ലീഗ് വനിതാ നേതാവ് പതിനാലര വയസ്സുള്ള മകളെ ഈയിടെ വിവാഹം കഴിപ്പിച്ചുതിനെ എതിര്‍ത്തതാണ് ഇപ്പോഴത്തെ പ്രശനങ്ങള്‍ക്ക് തുടക്കമെന്ന് മറിയുമ്മ പറഞ്ഞു. ഇത്ര ചെറുപ്പത്തില്‍ മകളുടെ വിവാഹം നടത്തുന്നത് ശരിയാണോയെന്ന് ആ അംഗത്തോട് ചോദിച്ചിരുന്നു. പഞ്ചായത്ത് അംഗങ്ങള്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണെന്ന് പറഞ്ഞതും പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരില്‍ വിവാദമുണ്ടാക്കി വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചു. വൈസ് പ്രസിഡന്റ്് ഇനി യോഗത്തിനുമാത്രം പോയാല്‍ മതിയെന്നാണ് പാര്‍ട്ടി പറഞ്ഞത്. 
   ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ തെറ്റിധരിപ്പിച്ചാണ് ഈ വിലക്ക് തീരുമാനത്തില്‍ എത്തിച്ചതെന്നും മറിയുമ്മ ആരോപിച്ചു. ലീഗ് അംഗങ്ങളായ കെ മുഹമ്മദ് മന്‍സൂര്‍ , ടി വി ഇസ്മായില്‍ എന്നിവരുടെ കൈയിലാണ് പഞ്ചായത്ത് ഭരണം. അവരുടെ ഇടപെടല്‍ കാരണം ഭരണപരമായ ഒരുകാര്യവും ചെയ്യാനാകുന്നില്ല. വൈസ് പ്രസിഡന്റായതിനാല്‍ 17ന് ബജറ്റ് അവതരിപ്പിക്കാനുള്ളതായിരുന്നു. അതിനൊന്നും സാവകാശമോ പിന്തുണയോ കിട്ടിയില്ല. യോഗത്തിനുമാത്രം പോകുന്ന വെറും അംഗമായിരിക്കാന്‍ പറ്റാത്തതിനാലാണ് രാജിവയ്ക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉദ്ദേശ്യമില്ല. ഭാവിപരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും മറിയുമ്മ പത്ര സമ്മേളനത്തില്‍ വെക്തമാക്കി. 
      മറിയുമ്മയുടെ രാജി പാര്‍ട്ടി തലത്തിലുള്ള പ്രശ്‌നം അല്ലെന്നും മറ്റൊരു വനിതാ അംഗവുമായുണ്ടായ പ്രശ്‌നങ്ങള്‍ പാര്‍ട്ടി തലത്തിലുള്ള വിഷയമായി ചിത്രീകരിക്കുകയാണെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രടറി മാധ്യമങ്ങളോട് പറഞ്ഞു. സാദിഖലി തങ്ങള്‍ ഈ വിഷയത്തില്‍ ഇടപെട്ടത് മധ്യസ്ഥതക്ക് മാത്രമാണെന്നും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് രാജി. മുന്‍പ് പ്രസിഡന്റായിരുന്നപ്പോള്‍ വഴിവിട്ട പ്രവര്‍ത്തനത്തിന് പാര്‍ട്ടി താക്കിത് ചെയ്തിരുന്നു. പിന്നീട് തെറ്റ് തിരുത്തി തിരിച്ച് വന്നപ്പോഴാണ് മത്സരിപ്പിച്ചതും പദവി നല്‍കിയതെന്നും പി.അബ്ദുള്‍ ഹമീദ് വെക്തമാക്കി. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment