പ്രവേശനോത്സവം: ചിരിച്ചും ചിണുങ്ങിയും അവരെത്തി

   മോങ്ങം: അണിഞ്ഞൊരുങ്ങിയ സ്‌കൂള്‍ മുറ്റത്തേക്ക് അമ്മയുടെ ഒക്കത്തിരുന്നും കൈപിടിച്ചും എത്തിയ പലര്‍ക്കും ആദ്യം അങ്കലാപ്പായിരുന്നു. പിന്നെ കൗതുകവും അമ്പരപ്പും. എല്ലാം കണ്ണുതുറന്ന് ഒന്നു കണ്ടപ്പോള്‍ ചിലരുടെ കണ്ണുനീര്‍ ഒലിച്ചിറങ്ങിയ കവിളുകളില്‍ ചിരി വിടര്‍ന്നു. പുതിയ കൂട്ടുകാരെ കണ്ടപ്പോള്‍ ചിലര്‍ മടിച്ചുമടിച്ച് ചിരിച്ചു. മറ്റുചിലര്‍ ഇഷ്ടപ്പെടാതെ മുഖം തിരിച്ചു. ഇഷ്ടനിറങ്ങളും ബലൂണുകളും ഒക്കെ കണ്ടപ്പോള്‍ പലര്‍ക്കും പിന്നെ സ്‌കൂള്‍ മുറ്റം വിടാന്‍ തന്നെ മടി. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലെയും കെ ജി ക്ലാസുകളിലെയും നവാഗതരെ വരവേല്‍ക്കാന്‍ ഒരുങ്ങിയ മോങ്ങം എ.എം.യു.പി സ്കൂള്‍  മുറ്റത്തെ കാഴ്ചകളായിരുന്നു ഇത്. 
      ആകാശ നീല ചുമരുകളില്‍ വര്‍ണ്ണ പ്രഭ ചൊരിഞ്ഞ് ആകര്‍ഷണീയ ചിത്രപണികളുമായി പുഞ്ചിരിച്ച് നില്‍ക്കുന്ന മോങ്ങം എ.എം.യു.പി സ്കൂളില്‍ മധുര പലഹാരങ്ങളും വര്‍ണ്ണ ബലൂണുകളും നല്‍കി വിവിധ കലാപരിപാടികളോടെയാണ് നവാഗതര്‍ക്ക് സ്വാഗതമരുളിയത്. കലാഭവന്‍ അനില്‍‌ലാലിന്റെ നാടന്‍ പാട്ടും, മുഖ്താര്‍ അരീകോടിന്റെ കീബോര്‍ഡ് വായനയും കുഞ്ഞുങ്ങള്‍ക്ക് പുതുമയുടെ അപരിചിതത്വം ഇല്ലാതാക്കി. പി.ടി.എ പ്രസിഡന്റ് സി.ഹംസ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മൊറയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം സി.കെ.മുഹമ്മദ് പ്രവേശന ദിന സന്ദേശം നല്‍കി. പി.ടി.എ വൈസ് പ്രസിഡന്റ് കെ.എം.ഷാക്കിര്‍, എം.ടി.എ പ്രസിഡന്റ് സ്വപ്‌ന, സ്റ്റാഫ് പ്രതിനിധി സലീം മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ഹെഡ് മിസ്‌ട്രസ് വത്സല ടീച്ചര്‍ സ്വാഗതവും, സ്റ്റാഫ് സെക്രടറി വിപിന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 

0 നിങ്ങളുടെ അഭിപ്രായം (g-mail ഐഡി ഉപയോഗിക്കുക):

Post a Comment